വയനാട് ദുരന്തം; തിരച്ചിൽ തുടരും, ഇനി കണ്ടെത്താനുള്ളത് 118 പേരെ

വയനാട് ദുരന്തം; തിരച്ചിൽ തുടരും, ഇനി കണ്ടെത്താനുള്ളത് 118 പേരെ

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തുന്ന തിരച്ചില്‍ തുടരും. കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നതെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. ദുരന്തത്തില്‍ ഉള്‍പ്പെട്ട 118 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞുകിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതലായും തിരച്ചില്‍ നടത്തുക. ഉള്‍വനത്തിലെ പാറയുടെ അരികുകളിലും പരിശോധന നടത്തും. വിവിധ സേനകളെ കൂടാതെ കഡാവര്‍ നായകളെ ഉപയോഗിച്ചും ഈ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തും. ഇരുട്ടുകുത്തി മുതല്‍ പരപ്പന്‍ പാറ വരെയുള്ള ഭാഗത്താണ് കൂടുതല്‍ തിരച്ചില്‍ ആവശ്യമുള്ളത്.

ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ട 212 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ 173 ഉം ലഭിച്ചത് നിലമ്പൂര്‍ മേഖലയില്‍ നിന്നായിരുന്നു. ലഭിച്ച 231 മൃതദേഹങ്ങളില്‍ 80 എണ്ണം കണ്ടെടുത്തതും നിലമ്പൂര്‍ മേഖലയില്‍ നിന്നാണ്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെ, പനങ്കയം മുതല്‍ പൂക്കോട്ടുമണ്ണ വരെ, പൂക്കോട്ടുമണ്ണ മുതല്‍ ചാലിയാര്‍ മുക്ക് വരെ, ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ, കുമ്പളപ്പാറ മുതല്‍ പരപ്പന്‍പാറ വരെ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഇനിയുള്ള വീടുകളിൽ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു. ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും താമസയോഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനം ഇനി നടണത്തണോ എന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ടതാണെന്നും ജോൺ മത്തായി വ്യക്തമാക്കി.

TAGS: WAYANAD | LANDSLIDE
SUMMARY: Rescue mission in wayanad landslide to continue today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *