പത്തനംതിട്ടയിൽ വാഹനാപകടം: കാറും ബസും കൂട്ടിയിടിച്ചു, നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ വാഹനാപകടം: കാറും ബസും കൂട്ടിയിടിച്ചു, നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിച്ച് നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്.

നവംബർ 30 നായിരുന്നു അനുവും നിഖിലും തമ്മിലുള്ള വിവാഹം. ഇതിനു ശേഷം മലേഷ്യയിലേക്ക് യാത്ര പോയ അനുവിനെയും നിഖിലിനെയും തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍. ഇരുവരുടേയും അച്ഛൻമാരാണ് മത്തായിയും ബിജു പി ജോർജും. നിഖിലിന്‍റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛനാണ് ബിജു പി ജോര്‍ജ്. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

ആന്ധ്രാ സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ ബസുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ബസിലെ യാത്രക്കാർക്ക് നിസാരമായി പരുക്കേറ്റിട്ടുണ്ട്.
<BR>
TAGS : ACCIDDENT | PATHANAMTHITTA,
SUMMARY : Road accident in Pathanamthitta: Car and bus collide, four members of a family die

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *