ശബരിമല, ക്രിസ്മസ്, പുതുവത്സര യാത്രാതിരക്ക്; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം – കേരളസമാജം

ശബരിമല, ക്രിസ്മസ്, പുതുവത്സര യാത്രാതിരക്ക്; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം – കേരളസമാജം

ബെംഗളൂരു: ശബരിമല, ക്രിസ്മസ് പുതുവാത്സര യാത്രതിരക്ക് കുറക്കാന്‍ ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍ മാനേജര്‍ക്ക് ബാംഗ്ലൂര്‍ കേരളസമാജം നിവേദനം നല്‍കി.

ഡിസംബര്‍ 15 മുതല്‍ ജനുവരി 20 വരെ സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാറിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്.

മൈസൂര്‍ – കൊച്ചുവേളി എക്‌സ്പ്രസ്സ് (16516) , ബാംഗ്ലൂര്‍ -കന്യാകുമാരി എക്‌സ്പ്രസ്സ് (16526) എന്നീ ട്രെയിനുകള്‍ക്ക് പിന്നാലെ ഷാഡോ (പത്തു മിനിറ്റിനകം) ട്രെയിനുകള്‍ ഓടിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

മറ്റു രാജ്യങ്ങളില്‍ ഓടിക്കുന്നത് പോലെ ഷാഡോ ട്രെയിനുകള്‍ ഓടിക്കുമ്പോള്‍ പ്രത്യേക തീവണ്ടികള്‍ക്കായി ട്രാക്ക് ലഭ്യത ആവശ്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മൈസൂര്‍ – കൊച്ചുവേളി എക്‌സ്പ്രസ്സ് , ബാംഗ്ലൂര്‍ -കന്യാകുമാരി എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ പുറപ്പെട്ടു പത്തു മിനിറ്റിനകം ഷാഡോ ട്രെയിനുകള്‍ പുറപ്പെട്ടാല്‍ യാത്രതിരക്ക് ഗണ്യമായ കുറക്കാന്‍ കഴിയും. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്താനും കഴിയും. നിലവില്‍ മിക്ക ട്രെയിനുകളിലും ടിക്കറ്റുകള്‍ ലഭ്യമല്ല. സ്‌പെഷ്യല്‍ ട്രെയിനുകള്‍ യാത്രാ തിരക്ക് കുറക്കാനും റയില്‍വെക്ക് വരുമാനമുണ്ടാക്കാനും കഴിയുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

നിലവില്‍ അവസാന നിമിഷങ്ങളില്‍ അനുവദിക്കുന്ന പ്രത്യക ട്രെയിനുകള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് അനുയോജ്യമായ സമയത്തല്ലെന്നും ഭൂരിപക്ഷം പേര്‍ക്കും അവ പ്രയോജനപ്പെടാറില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം സര്‍വീസുകളുടെ സമയദൈര്‍ഘ്യവും കൂടുതല്‍ ആണ്. അതിനാല്‍ മുന്‍കൂട്ടി ഷാഡോ ട്രെയിനുകള്‍ പ്രഖ്യാപിച്ച് സര്‍വീസ് നടത്തണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി മുരളീധരന്‍, വി എല്‍ ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
<br>
TAGS : KERALA SAMAJAM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *