മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി; സർവീസ് ഉടൻ

മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി; സർവീസ് ഉടൻ

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. ഇതോടെ നഗരത്തിലെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഗതാഗതത്തിനാണ് അംഗീകാരം ലഭിക്കുന്നത്. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലാണ് യെല്ലോ ലൈൻ. നിലവിൽ 19 കിലോമീറ്ററിലായി 16 സ്റ്റേഷനുകളാണുള്ളത്. ആറ് കോച്ചുകൾ അടങ്ങുന്ന ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ 2024 ഫെബ്രുവരി 14 ന് ചൈനയിൽ നിന്ന് എത്തിയിരുന്നു.

റെയിൽവേ മന്ത്രാലയം റോളിംഗ് സ്റ്റോക്കും സിഗ്നൽ പരിശോധനകളും അംഗീകരിച്ചാൽ നമ്മ മെട്രോ ഏപ്രിലിൽ നാല് ട്രെയിനുകൾ ഉൾപ്പെടുന്ന യെല്ലോ ലൈൻ തുറന്നേക്കും. ഡ്രൈവറില്ലാ പ്രോട്ടോടൈപ്പ് ഉൾപ്പെടെ 216 കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ സിആർആർസി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡാണ് നേടിയത്. ഡ്രൈവറില്ലാ ട്രെയിൻ സർവീസ് തുടങ്ങുന്നതിന് മുമ്പ് 37 വ്യത്യസ്ത പരിശോധനകൾക്ക് വിധേയമാക്കും.

കോച്ച് അസംബ്ലിക്ക് ശേഷം സ്റ്റാറ്റിക്, ഇലക്ട്രിക്കൽ സർക്യൂട്ട് പരിശോധനകൾ നടത്തും. ഈപരിശോധനകൾ ഉൾപ്പെടെയാണ് 37-ഓളം പരിശോധനകൾ പൂ‍ർത്തിയാകുക. ട്രാക്കുകളിലെ ബലം ഉറപ്പാക്കുന്നതിനായി മെയിൻലൈൻ പരിശോധനയുമുണ്ടാകും. സിഗ്നലിംഗ്, ടെലികോം, പവർ സപ്ലൈ സിസ്റ്റങ്ങൾ എന്നിവയുടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യും. യാത്രക്കാർ കയറുന്നതിന് മുമ്പ് ട്രെയിനിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കും.

TAGS: BENGALURU
SUMMARY: Safety inspection at namma metro yellow line completed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *