സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; അക്രമിയെ തിരിച്ചറിഞ്ഞതായി പോലീസ്

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; അക്രമിയെ തിരിച്ചറിഞ്ഞതായി പോലീസ്

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ തിരിച്ചറിഞ്ഞതായി മുംബൈ പോലീസ്. സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെദം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ അതിക്രമിച്ചു കയറിയതെന്നും പോലീസ് അറിയിച്ചു. ഫയർ എസ്കേപ്പ് വഴിയാണ് അക്രമി ഫ്ലാറ്റിലേക്ക് പ്രവേശിച്ചതെന്നും നടനെ കുത്തിയ ശേഷം പ്രധാന ഗോവണിയിലൂടെ ഇയാള്‍ രക്ഷപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കി.

അക്രമിക്ക് വീട്ടുജോലിക്കാരില്‍നിന്ന് സഹായം ലഭിച്ചെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അക്രമി കുട്ടികളുടെ മുറിയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് കണ്ട വീട്ടുജോലിക്കാരില്‍ ഒരാള്‍ അലാറം ഓണാക്കിയതോടെയാണ് സെയ്ഫ് ഇവിടേക്ക് എത്തിയത്. അക്രമിയുമായി ഏറ്റുമുട്ടലുണ്ടായതോടെയാണ് കുത്തേറ്റത്.

അതേസമയം സ്പൈനല്‍ കോഡിനു സമീപത്തു വരെ ആഴത്തില്‍ കുത്തേറ്റ സെയ്ഫ് അലി ഖാൻ ശസ്ത്രക്രിയക്ക് വിധേയനായി. നിലവില്‍ അദ്ദേഹം അപകടനില തരണം ചെയ്തെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അക്രമി വീട്ടില്‍ കയറിയ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

ആറ് തവണ കുത്തേറ്റതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. പിന്നാലെ സംഭവ സ്ഥലത്തുനിന്ന് ഓടിയ അക്രമിയെ തിരിച്ചറിഞ്ഞെന്നും പിടികൂടാനായി പത്ത് സംഘത്തെ രൂപവത്കരിച്ചെന്നും ഡി.സി.പി ദീക്ഷിത് ഗെതാം അറിയിച്ചു. കുത്തേറ്റ സെയ്ഫ് അലി ഖാനെ കുടുംബാംഗങ്ങളും ജോലിക്കാരും ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടെ മുപ്പതോളം സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.

കെട്ടിടത്തിലെ ആറാം നിലയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അക്രമിയെ തിരിച്ചറിയാനായത്. അക്രമത്തിന് രണ്ട് മണിക്കൂർ മുമ്പുള്ള ഹൗസിങ് സൊസൈറ്റിയുടെ സി.സി.ടി.വി ദൃശ്യങ്ങളില്‍, ആരും അകത്തേക്ക് പ്രവേശിക്കുന്നതായി കാണിക്കുന്നില്ല. വീട്ടുജോലിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആർ ഫയല്‍ ചെയ്തിട്ടുണ്ട്. സെയ്ഫിന് പുറമെ ഒരു ജോലിക്കാരിക്കും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്.

TAGS : SAIF ALI KHAN
SUMMARY : Saif Ali Khan’s stabbing incident; The police have identified the assailant

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *