സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വര്‍ക്കി റിമാൻഡില്‍

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വര്‍ക്കി റിമാൻഡില്‍

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത സന്തോഷ് വര്‍ക്കിയെ (ആറാട്ടണ്ണന്‍) റിമാന്‍ഡ് ചെയ്തു. കൊച്ചി നോര്‍ത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ് ചെയ്തത്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്.

സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് സന്തോഷ് വർക്കി അശ്ലീല പരാമർശം നടത്തിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടി പരാതിയുമായി നടിമാർ എത്തിയതോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അമ്മ സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി നടിമാർ സന്തോഷ് വര്‍ക്കിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. നേരത്തെ നടി ഉഷ ഹസീനയും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു.

ആലപ്പുഴ ഡിവൈഎസ്പിക്കായിരുന്നു ഉഷ ഹസീന പരാതി നല്‍കിയത്. 40 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമര്‍ശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണ് എന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ ഇയാള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിന് നേരത്തെ ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

TAGS : SANTHOSH VARKI
SUMMARY : Santosh Varkey remanded in case of insulting femininity

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *