അബ്ദുല്‍ റഹീമിന് മോചനം; വധശിക്ഷ കോടതി റദ്ദാക്കി

അബ്ദുല്‍ റഹീമിന് മോചനം; വധശിക്ഷ കോടതി റദ്ദാക്കി

കോഴിക്കോട്: സൗദി പൗരൻ്റെ കൊലപാതക കേസില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിൻ്റെ വധശിക്ഷ സൗദി കോടതി റദ്ദാക്കി. 20 വർഷം തടവിന് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിന് അടുത്ത വർഷം പുറത്തിറങ്ങാമെന്നാണ് കോടതി വിധി. 19 വർഷമായി ജയിലില്‍ കഴിയുന്ന റഹീം ഇനി ഒരു വർഷം കൂടി കാത്തിരുന്നാല്‍ മതിയാകും. കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുര്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്.

ഒരു മാസം തികയും മുമ്പ് ഡിസംബര്‍ 26ന് ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍മോചനത്തിലെ നിയമനടപടികള്‍ തുടരുകയായിരുന്നു. പബ്ലിക് റൈറ്റ് പ്രകാരമാണ് കോടതിയുടെ ഉത്തരവ്. വിധി ജഡ്ജി വാക്കാല്‍ പരാമര്‍ശിക്കുകയായിരുന്നു.

കേസ് 12 തവണ മാറ്റിവെച്ചതിന് ശേഷമാണ് ഇന്ന് പരിഗണിച്ചത്. 34 കോടിയിലേറെ രൂപ ദയാധനം നല്‍കിയതിനെ തുടര്‍ന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്‌സ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാക്കത്തതിനാലായിരുന്നു ഇതുവരെ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നത്. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അല്‍ ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ജയിലിലെത്തി അബ്ദുല്‍ റഹീമും മാതാവ് ഫാത്തിമയും ഈ ജനുവരിയില്‍ നേരില്‍ കണ്ടു സംസാരിച്ചിരുന്നു.

അബ്ദുല്‍ റഹീം തന്റെ 26ാം വയസ്സില്‍ 2006-ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുല്‍ റഹ്‌മാന് അല് ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.

ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പോലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS : ABDHUL RAHIM
SUMMARY : Abdul Rahim released; court overturns death sentence

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *