കേരളത്തിൽ അനുമതിയില്ലാത്ത സ്കൂളുകള്‍ പൂട്ടും: ശിവൻകുട്ടി

കേരളത്തിൽ അനുമതിയില്ലാത്ത സ്കൂളുകള്‍ പൂട്ടും: ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയില്‍ കെ.ജെ മാക്‌സി, എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

എറണാകുളം ജില്ലയിലെ സ്വകാര്യ പ്ലേ സ്‌കൂളായ മട്ടാഞ്ചേരി സ്മാര്‍ട്ട് കിഡ്‌സ് പ്ലേസ്‌കൂളിലെ ടീച്ചര്‍ ചോദിച്ച ചോദ്യത്തിന് മൂന്നരവയസുള്ള കുട്ടി ടീച്ചര്‍ ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ലെന്ന കാരണത്താല്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു. ആർക്കും എവിടെയും വിദ്യാലയം ആരംഭിക്കാവുന്ന സാഹചര്യമാണെന്ന് ശിവൻകുട്ടി നിയമസഭയില്‍ പറഞ്ഞു.

സർക്കാരിന്റെ അനുവാദമില്ലാതെ ധാരാളം വിദ്യാലയം ആരംഭിക്കുന്നു. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും ഫീസും സിലബസുമെല്ലാം നിശ്ചയിക്കുന്നത് സ്കൂളുകളാണ്. ഇതിനെല്ലാം സർക്കാരിന്റെ അനുവാദം വേണമെന്നാണ് ചട്ടം. മുറുക്കാൻ കട തുടങ്ങാൻ ലൈസൻസ് വേണം. അപ്പോഴാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ രീതി. സ്കൂളുകളില്‍ ഡൊണേഷനായി 25,000 രൂപ മുതല്‍ ലക്ഷങ്ങള്‍വരെ വാങ്ങുന്നുണ്ട്. വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയില്ല.

ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളെ പ്രവർത്തിപ്പിക്കില്ല. സർക്കാരിന്റെ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കാൻ വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചു. ഒരു മാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നല്‍കണം. ചട്ടങ്ങള്‍ പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതിനുശേഷം നോട്ടിസ് നല്‍കും. വിദ്യാർഥി പ്രവേശനത്തിനു കോഴ വാങ്ങിയ സ്ഥാപനങ്ങള്‍ക്കും നോട്ടിസ് നല്‍കാൻ നിർദേശിച്ചു. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുമെന്നും മന്ത്രി പറ‍ഞ്ഞു.

TAGS : KERALA | SCHOOLS | SHIVANKUTTI
SUMMARY : Schools without approval will be closed in Kerala: Shivankutty

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *