തിരക്കഥാകൃത്തും അധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ അന്തരിച്ചു

തിരക്കഥാകൃത്തും അധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: കഥാകൃത്തും എഴുത്തുകാരനും അധ്യാപകനും തിരക്കഥാകൃത്തുമായ ശ്രീവരാഹം ബാലകൃഷ്ണനെന്ന എം ബാലകൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. തൈക്കാട് ചിത്രയില്‍ രാവിലെയായിരുന്നു അന്ത്യം.

ധനവച്ചപുരം സര്‍ക്കാര്‍ കോളജ്, മട്ടന്നൂര്‍ പഴശ്ശിരാജ കോളജ്, കേരള ഹിന്ദി പ്രചാര്‍ സഭ എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. പന്ത്രണ്ടുവര്‍ഷത്തോളം കേരള രാജ്ഭവനില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചു. ഹിന്ദു ദിനപത്രത്തില്‍ വര്‍ഷങ്ങളോളം കോളങ്ങളെഴുതി. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ രണ്ടു തവണ അംഗമായി. പബ്ലിക് റിലേഷന്‍സ് വകുപ്പിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പ്രതിസന്ധി എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചു.

കെ ജി ജോര്‍ജിന്റെ മമ്മൂട്ടി ചിത്രമായ ഇലവങ്കോട് ദേശത്തിനു സംഭാഷണം നല്‍കിയതു ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു. ലെനിൻ രാജേന്ദ്രന്റെ സ്വാതിതിരുനാള്‍ എന്ന ചിത്രത്തിനും ഹരികുമാറിന്റെ സ്നേഹപൂര്‍വം മീര, ജേസിയുടെ സംവിധാനത്തില്‍ പിറന്ന അശ്വതി എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതി. ‘ഈടും ഭംഗിയുമാണ് ഹാന്റക്സിന്റെ ഊടും പാവും’ എന്ന പരസ്യവാചകം ഹാന്റക്സിനു വേണ്ടി എഴുതിയതു ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു. ചലച്ചിത്ര നടന്‍ ജനാര്‍ദ്ദനന്റെ സിനിമാ പ്രവേശത്തിനു വഴിതുറന്നതും അദ്ദേഹമായിരുന്നു. അന്തരിച്ച നടനും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ ഭാര്യാ സഹോദരനാണ്. കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അബ്ദുള്ളക്കുട്ടി(കഥ), നദീമധ്യത്തിലെത്തും വരെ (കഥ) എന്നിവ പ്രധാന രചനകളാണ്.
ഭാര്യ: പി എസ് രാധ : മക്കള്‍: ശ്യാം കൃഷ്ണ, സൗമ്യ കൃഷ്ണ. മരുമകന്‍ : ശ്യാംകുമാര്‍. സംസ്കാരം ഇന്നു വൈകുന്നേരം നാലു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.
<BR>
TAGS : OBITUARY
SUMMARY : Srivaraham Balakrishnan passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *