“രാഷ്ട്രീയ നോവലുകളുടേത് മനുഷ്യനോവിനെ പകർത്തുന്ന അക്ഷരകല”-പലമ സെമിനാർ
സാഹിത്യ നിരൂപകന്‍ കെ പി അജിത് കുമാര്‍ സംസാരിക്കുന്നു

“രാഷ്ട്രീയ നോവലുകളുടേത് മനുഷ്യനോവിനെ പകർത്തുന്ന അക്ഷരകല”-പലമ സെമിനാർ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ പലമ ബിലഹരിയുടെ ‘വ്യൂല്‍പരിണാമം’ എന്ന നോവലിനെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. ‘രാഷ്ട്രീയ നോവലുകളുടെ കല’ എന്ന വിഷയത്തില്‍ സാഹിത്യ നിരൂപകന്‍ കെ പി അജിത് കുമാര്‍ പ്രഭാഷണം നടത്തി.

നോവുകളില്‍ നിന്ന് എതിര്‍പ്പിന്റെ നാവുകളുയര്‍ത്തി, സത്യാനന്തര പൊതുബോധത്തെ പ്രതിരോധിക്കുന്ന രചനാവഴിയാണ് രാഷ്ട്രീയ നോവലുകളുടെ കലയെന്ന് കെ പി അജിത് കുമാര്‍ അഭിപ്രായപ്പെട്ടു. ജീവിതമൂല്യങ്ങളെ നിരാകരിക്കുന്ന ഫാസിസ്റ്റ് സമഗ്രാധിപത്യകാലത്ത് മാനുഷികതയില്‍ നിന്നുള്ള പിന്‍നടത്തത്തെ തിരിച്ചറിഞ്ഞ് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്ന അക്ഷരദൗത്യമാണ് ‘വ്യൂല്‍പരിണാമം’ എന്ന കൃതി നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സത്താപരമായി ഉയരം കുറയുന്ന മനുഷ്യരിലേക്കുള്ള പ്രയാണമായി അനുഭവപ്പെടുന്ന സത്യാനന്തരകാലത്തെ തുറന്നുകാട്ടുകയാണ് വ്യൂല്‍പരിണാമം എന്ന കൃതി ചെയ്യുന്നതെന്ന് പ്രമുഖ കലാചിന്തകനും കേന്ദ്ര ലളിതകലാ അക്കാദമി മുന്‍ അംഗവുമായ എം രാമചന്ദ്രന്‍ അനുബന്ധ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

ശാന്തകുമാര്‍ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. കെ ആര്‍ കിഷോര്‍, അഖില്‍ ജോസ്, കവി രാജന്‍ കൈലാസ്, ഡോ. സുഷ്മ ശങ്കര്‍, രഞ്ജിത്ത്, എ. കെ. മൊയ്തീന്‍, പ്രമോദ് വരപ്രത്ത്, ഡെന്നിസ് പോള്‍, ബി എസ് ഉണ്ണികൃഷ്ണന്‍, ലാല്‍, ആര്‍ വി ആചാരി എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.

മനുഷ്യരെ അവരവരില്‍ നിന്നുതന്നെ ന്യൂനീകരിക്കുകയും അപരസ്‌നേഹത്തില്‍ നിന്ന് വിമുക്തരായ കേവലമനുഷ്യരാക്കിയുമാണ് ഫാസിസ്റ്റ് അധികാരം അതിന്റെ വിധേയസമൂഹത്തെ നിര്‍മ്മിക്കുന്നത്. മനുഷ്യസത്തയില്‍ നിന്നുള്ള ഈ വിടുതല്‍ നിര്‍മ്മിക്കുന്ന നോവുകളാണ് തന്റെ കൃതിയുടെ പ്രചോദനമെന്ന് മറുപടി പ്രസംഗത്തില്‍ നോവലിസ്റ്റ് ബിലഹരി പറഞ്ഞു.

ഹസീന ഷിയാസ് പ്രഭാഷകരെ സദസ്സിന് പരിചയപ്പെടുത്തി. സ്മിത വത്സല, ഗീത നാരായണന്‍, പ്രമിത കുഞ്ഞപ്പന്‍, വിജി, അനിത മധു എന്നിവര്‍ നവോത്ഥാന കാവ്യലാപനത്തില്‍ പങ്കെടുത്തു. സുദേവന്‍ പുത്തന്‍ചിറ സ്വാഗതവും പ്രദീപ് പി പി നന്ദിയും പറഞ്ഞു.
<br>
TAGS : PALAMA | ART AND CULTURE

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *