മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും നിരൂപകനുമായ എസ്. ജയചന്ദ്രൻ നായർ (85) അന്തരിച്ചു. ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ മകന്റെ വീടായ ആദർശ് പാം മെഡോസിലായിരുന്നു അന്ത്യം.

ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. മലയാള മാധ്യമരംഗത്തെ അതികായനായ അദ്ദേഹം രചിച്ച റോസാദലങ്ങൾ എന്ന പുസ്തകം ലോകസാഹിത്യത്തിലെ ക്ലാസിക്കുകളായ കൃതികൾ മലയാളികൾക്ക് പരിചയപ്പെടുത്തിയതാണ്. നിരൂപകനെന്ന നിലയിലും അതുല്യസംഭാവന നൽകിയ വ്യക്തിത്വമായിരുന്നു.

ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ പിറവി എന്ന ചിത്രത്തിന്റെ കഥയ്ക്ക് പുറമെ നിർമിച്ചതും അദ്ദേഹമായിരുന്നു. 1957-ൽ പ്രസിദ്ധീകരണം ആരംഭിച്ച കെ. ബാലകൃഷ്ണന്റെ കൗമുദിയിലാണ് ജയചന്ദ്രൻ നായർ മാധ്യമപ്രവർത്തനം തുടങ്ങിയത്. സമകാലിക മലയാളം വാരിക ആരംഭിച്ചത് മുതൽ നീണ്ട 15 വർഷക്കാലം അതിന്റെ എഡിറ്ററായിരുന്നു.

എന്‍റെ പ്രദക്ഷിണവഴികൾ, റോസാദലങ്ങൾ എന്നിവ പ്രധാനകൃതികളാണ്. ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികൾ’ക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ജി. അരവിന്ദനെക്കുറിച്ചുള്ള ‘മൗനപ്രാര്‍ഥന പോലെ’ എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ഷാജി കരുണിന്റെ സിനിമകളെക്കുറിച്ചുള്ള പഠനമായ ‘ഏകാന്ത ദീപ്തി’യാണ് അവസാന കൃതി. കെ.ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, സി.എച്ച് മുഹമ്മദ് കോയ പുരസ്‌കാരം, എം.വി പൈലി ജേണലിസം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

TAGS: BENGALURU | JAYACHANDRAN NAIR
SUMMARY: Senior journalist jayachandran nair passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *