ലൈംഗികാധിക്ഷേപ പരാതി; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍, വൈദ്യ പരിശോധനകള്‍ക്ക് ശേഷം കാക്കനാട്ടെ ജയിലിലെത്തിച്ചു

ലൈംഗികാധിക്ഷേപ പരാതി; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍, വൈദ്യ പരിശോധനകള്‍ക്ക് ശേഷം കാക്കനാട്ടെ ജയിലിലെത്തിച്ചു

കൊച്ചി: ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയായി. റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വൈദ്യ പരിശോധന നടത്തിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് വൈദ്യ പരിശോധന പൂര്‍ത്തിയായത്.

അതിനിടെ, കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ബോബിയുടെ അനുയായികള്‍ ആശുപത്രി പരിസരത്തും കാക്കനാട് ജയില്‍ പരിസരത്തും എത്തിയിരുന്നു. ഇവര്‍ ചില പ്രതിഷേധങ്ങളും നടത്തി. പോലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം.  സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

നടിയുടെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടും കോടതി അംഗീകരിച്ചു. കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും വലിയ വ്യവസായി ആയതിനാല്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയതോടെയാണ്  ജാമ്യം നിഷേധിച്ചത്.

ബോബി വെള്ളിയാഴ്ച എറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളളയാണ് ബോബിക്കായി കോടതിയിൽ ഹാജരായത്.

കോടതിക്ക് പുറത്തെത്തിച്ചപ്പോള്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു ബോബിയുടെ പ്രതികരണം. 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ട ബോബി ചെമ്മണൂരിനെ കാക്കനാട്ടെ ജില്ലാ ജയിലിലാണ് പാര്‍പ്പിക്കുക.

ഇന്നലെ രാവിലെ വയനാട്ടിലെ റിസോർട്ടിന് സമീപത്തുനിന്നാണ് ബോബിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.45നാണു കോടതിയിൽ ഹാജരാക്കിയത്.
<BR>
TAGS : BOBBY CHEMMANNUR
SUMMARY : Sexual harassment complaint; Bobby Chemmannur repeatedly denies wrongdoing,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *