ശബരിമലയില്‍ വൻഭക്തജന തിരക്ക്; ദര്‍ശന സമയം 3 മണിക്കൂര്‍ നീട്ടി

ശബരിമലയില്‍ വൻഭക്തജന തിരക്ക്; ദര്‍ശന സമയം 3 മണിക്കൂര്‍ നീട്ടി

ശബരിമലയില്‍ വൻ ഭക്തജന തിരക്ക്. നടപ്പന്തലിലും പുറത്തുമായി ക്യൂവില്‍ ആയിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്. ഭക്തജന തിരക്ക് പരിഗണിച്ച്‌ ശബരിമലയിലെ ഇന്നത്തെ ദർശന സമയം 3 മണിക്കൂർ വർധിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടക്കുന്നതിന് പകരം മൂന്നു മണി വരെ ഭക്തർക്ക് ദർശനസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വൈകിട്ട് 5 മണിക്ക് നട തുറക്കുന്നതിനു പകരം നാലുമണിക്ക് ദർശനത്തിനായി നട തുറക്കുമെന്നും അധികൃതർ അറിയിച്ചു. സന്നിധാനത്ത് ദർശന സുകൃതം തേടി മലകയറി എത്തിയ തീർഥാടകരുടെ അഭൂതപൂർവമായ തിരക്കാണ് രാവിലെയോടെ അനുഭവപ്പെട്ടത്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീണ്ടു. 6 മണിക്കൂർ വരെ കാത്തു നിന്നാണ് അയ്യപ്പന്മാർ ദർശനം നടത്തുന്നത്. മാസപൂജാ സമയത്ത് ഇത്രയും തിരക്കു വരുന്നത് ആദ്യമാണ്.

തിരക്കു നിയന്ത്രിക്കാൻ മതിയായ പോലീസില്ല. 170 പോലീസുകാരാണ് ആകെയുള്ളത്. മൂന്ന് ഷിഫ്റ്റായിട്ടാണ് ഇവർക്ക് ഡ്യൂട്ടി. മിനിറ്റില്‍ 85 മുതല്‍ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാൻ കഴിയൂ. പോലീസിന് അതിനു കഴിയുന്നില്ല. ഒരു മിനിറ്റില്‍ പരമാവധി 50 മുതല്‍ 52 പേർ വരെയാണ് പടികയറുന്നത്.

ഇതിനിടെ നടപ്പന്തലില്‍ വരി നില്‍ക്കാതെ പതിനെട്ടാംപടിക്കു താഴെ ബാരിക്കേഡിനു പുറത്ത് തിക്കും തിരക്കും കൂട്ടുന്നവരും ഏറെയാണ്. വാവരു നട, അഴിയുടെ ഭാഗം, മഹാ കാണിക്ക എന്നിവിടങ്ങളിലാണ് നിയന്ത്രണമില്ലാതെ തിക്കും തിരക്കും കൂട്ടുന്നത്.

പതിനെട്ടാംപടി കയറാൻ മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്ന തീർഥാടകർക്ക് ചുക്കു വെള്ളം കൊടുക്കാൻ വലിയ നടപ്പന്തലില്‍ മാത്രമാണ് ദേവസ്വം ബോർഡ് ക്രമീകരണം ചെയ്തിട്ടുള്ളത്. സന്നിധാനത്തിലെ ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, പില്‍ഗ്രീം സെന്ററുകള്‍ എന്നിവയില്‍ തീർഥാടന അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സന്നിധാനത്ത് താമസ സൗകര്യവും കുറവാണ്, മഴയും ഉണ്ട്.

TAGS : SABARIMALA | KERALA
SUMMARY : Huge crowd of devotees at Sabarimala; Darshan time extended by 3 hours

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *