വിജയവഴിയിൽ ശക്തി സ്കീം; കർണാടക ബസുകളിൽ വനിതാ യാത്രക്കാർ വർധിക്കുന്നു

വിജയവഴിയിൽ ശക്തി സ്കീം; കർണാടക ബസുകളിൽ വനിതാ യാത്രക്കാർ വർധിക്കുന്നു

ബെംഗളൂരു: കർണാടകയിൽ വൻ വിജയമായി സ്ത്രീയാത്രക്കാർക്ക് സൗജന്യ യാത്രയൊരുക്കുന്ന ശക്തി പദ്ധതി. നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന അഞ്ച് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്കു ബസുകളില്‍ സൗജന്യ യാത്ര. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 5,000 കോടി രൂപയാണു പദ്ധതിക്കുവേണ്ടി മാറ്റിവച്ചത്. സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന നോണ്‍ പ്രീമിയം സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എത്രദൂരം വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാമെന്നതാണ് പദ്ധതി. ഇതിനുവേണ്ടി ശക്തി ടിക്കറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.

പദ്ധതിക്ക് വലിയ പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. നാല് ബസ് കോര്‍പ്പറേഷനുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായി. പ്രതിദിനം 1.10 കോടി യാത്രക്കാര്‍ സര്‍ക്കാര്‍ ബസ് ഉപയോഗിക്കുന്നു. ഇതില്‍ 61 ലക്ഷം പേരും വനിതകളാണ്. ഉപജീവന മാര്‍ഗത്തിനുള്ള യാത്രയ്ക്ക് മാത്രമല്ല സ്ത്രീകള്‍ ഈ പദ്ധതി ഉപയോഗിക്കുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നുപോലും വനിതകള്‍ വിനോദയാത്രകള്‍ക്കായി സർക്കാർ ബസുകളില്‍ കയറി നഗരങ്ങളിലേക്കെത്തുന്നു.

ചെറുസംഘങ്ങളായാണ് മിക്കപ്പോഴും ഗ്രാമങ്ങളില്‍നിന്നുള്ള സ്ത്രീകളുടെ യാത്ര. സര്‍ക്കാര്‍ തന്നെ സുരക്ഷിത, സൗജന്യ യാത്ര ഉറപ്പാക്കുമ്പോള്‍ കര്‍ണാടകയിലെ സ്ത്രീകള്‍ അത് ഉപയോഗിക്കുന്നതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത്, സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കര്‍ണാടകയില്‍ വലിയ ചര്‍ച്ചാവിഷയമാണ്. സ്ത്രീകളുടെ ബസ് യാത്രയെക്കുറിച്ച് അഭിപ്രായം പറഞ്ഞ ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിക്കു അടുത്തിടെ മാപ്പ് പറയേണ്ടിവന്നിരുന്നു.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *