ഷൈന്‍ ടോം ചാക്കോ ‍പ്രതിയായ കൊക്കെയ്ന്‍ കേസ്: പോലീസ് അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി

ഷൈന്‍ ടോം ചാക്കോ ‍പ്രതിയായ കൊക്കെയ്ന്‍ കേസ്: പോലീസ് അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്‌ക്കെതിരെ കോടതി. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ലെന്നും വനിതാ പോലീസിൻ്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി ഉത്തരവില്‍ ഉണ്ട്.

രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഉത്തരവ് പറഞ്ഞ് രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പുറത്തുവന്നത്. എന്‍ഡിപിഎസ് ആക്‌ട് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് വലിയ ശിക്ഷയാണ് ലഭിക്കുക. അതുകൊണ്ടുതന്നെ, പിടിക്കപ്പെടുന്നയാള്‍ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നു എന്നതുപോലെ പ്രധാനപ്പെട്ടതാണ് അവര്‍ കുറ്റം ചെയ്‌തോ എന്നത് തെളിയിക്കുന്ന രേഖകളും തെളിവുകളും ശേഖരിക്കുക എന്നതും. ഇക്കാരണം കൊണ്ടുതന്നെ കര്‍ശനമായ വ്യവസ്ഥകളാണ് ഈ നിയമത്തിന്റെ ഭാഗമായുള്ളത്.

എന്നാല്‍, നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നതില്‍ വലിയ വീഴ്ചയുണ്ടായതായാണ് കോടതിയുടെ കണ്ടെത്തല്‍. കോടതിയുടെ ഉത്തരവ് പകര്‍പ്പ് പുറത്തുവന്നതോടെയാണ് ഇക്കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഒരു വ്യക്തിയുടെ കൈയില്‍നിന്നും ലഹരിവസ്തു കണ്ടെടുത്താല്‍ അത് പിടിച്ചെടുക്കുന്നത് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം.

എന്നാല്‍ ഈ കേസില്‍ ഒന്നാംപ്രതിയായ മോഡലിന്‍റെ ദേഹപരിശോധന നടത്തിയത് പോലീസ് ഉദ്യോഗസ്ഥയാണെങ്കിലും ലഹരിവസ്തു കണ്ടെടുക്കുമ്പോൾ വനിതാ ഗസറ്റഡ് ഓഫീസര്‍ ഒപ്പം ഇല്ലായിരുന്നു എന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.

പ്രതികള്‍ എല്ലാവരും ചേര്‍ന്നിരുന്ന് കൊക്കെയ്ന്‍ ഉപയോഗിച്ചു എന്നതാണ് പോലീസിന്റെ കേസ്. എന്നാല്‍ ഷൈന്‍ ടോം ചാക്കോയോ കൂടെ ഉണ്ടായിരുന്ന നാല് മോഡലുകളോ ലഹരിവസ്തു ഉപയോഗിച്ചു എന്നത് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കാന്‍ പോലീസിനായില്ല. ഏഴുഗ്രാം കൊക്കെയ്ന്‍ ആയിരുന്നു പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് പിടിച്ചെടുത്തത് പ്രതികളില്‍ നിന്നാണെന്ന് തെളിയിക്കുന്ന കാര്യത്തില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടു എന്നാണ് കോടതിയുടെ കണ്ടെത്തല്‍.

TAGS : SHINE TOM CHACKO
SUMMARY : Shine Tom Chacko accused cocaine case: Trial court enumerates errors in police investigation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *