ശ്രമങ്ങള്‍ വിഫലം: കടലില്‍ ചെരിഞ്ഞ കപ്പല്‍ പൂര്‍ണമായും മുങ്ങി

ശ്രമങ്ങള്‍ വിഫലം: കടലില്‍ ചെരിഞ്ഞ കപ്പല്‍ പൂര്‍ണമായും മുങ്ങി

കൊച്ചി: അറബിക്കടലില്‍ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നത് തടയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. കൊച്ചി തീരത്തുനിന്ന് 74കിലോമീറ്റര്‍ അകലെ ചെരിഞ്ഞ എംഎസ്‌സി എല്‍സ3 എന്ന ചരക്കുകപ്പല്‍ കടലില്‍ മുങ്ങി. കപ്പലില്‍ അവശേഷിച്ച കണ്ടെയ്‌നറുകളെല്ലാം കടലില്‍ വീണിട്ടുണ്ട്. ഇതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്.

ഇന്ധനം ചോര്‍ന്നാല്‍ അത് കടലിലെ ജീവികളെ ബാധിക്കും. കണ്ടെയ്‌നറുകളില്‍ രാസവസ്തുക്കളുണ്ടെങ്കില്‍ അത് നീക്കുന്നതിനും വിദഗ്ധ സംവിധാനങ്ങളുണ്ട്. സംസ്ഥാന സർക്കാരിനെ കോസ്റ്റ്ഗാർഡ് ഇക്കാര്യം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്നലെയാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ മുങ്ങിത്തുടങ്ങിയതോടെ ക്യാപ്റ്റനെയും എൻജിനീയർമാരെയും മാറ്റിയിരുന്നു.

കപ്പല്‍ ഉപേക്ഷിച്ച്‌ ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിലാണ് രക്ഷപ്പെട്ടത്. റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രൈനില്‍ നിന്നുള്ള 2 പേരും ഒരു ജോർജിയൻ സ്വദേശിയുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലില്‍‌ നിന്ന് വീണ കണ്ടെയ്നറുകള്‍ കൊച്ചി ആലപ്പുഴ തീരങ്ങളില്‍ എത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്നറുകള്‍ എത്താൻ സാധ്യതയുണ്ട്. ഡിഫൻസ് പിആർഒ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നാണ് അറിയിക്കുന്നത്. കണ്ടെയ്നറുകള്‍‌ മറ്റൊരു കപ്പലിലേക്ക് മാറ്റി തീരത്തേക്ക് അടുപ്പിക്കാനായിരുന്നു പദ്ധതി. നിലവില്‍ അപകടകരമായ നില കാണുന്നില്ലെങ്കിലും തീരത്ത് ജാഗ്രത പാലിക്കാനാണ് നിർദേശം. കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞാല്‍ ആരും അടുത്തേക്ക് പോകരുത്.

TAGS : LATEST NEWS
SUMMARY : Ship capsizes at sea, sinks completely

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *