ഷിരാഡി ചുരത്തിൽ തുരങ്കപാത: കേന്ദ്രാനുമതിതേടി കർണാടക

ഷിരാഡി ചുരത്തിൽ തുരങ്കപാത: കേന്ദ്രാനുമതിതേടി കർണാടക

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ഷിരാഡി ചുരത്തിൽ തുരങ്കപാത നിര്‍മ്മിക്കുന്നതടക്കം വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്രസർക്കാരിന്റെ അനുമതി തേടി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സംസ്ഥാനമന്ത്രിമാരുടെ പ്രതിനിധിസംഘം ഇന്നലെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെക്കണ്ട് നിവേദനം നൽകി.

മംഗളൂരു തുറമുഖവും ബെംഗളൂരുവുമായുള്ള ഗതാഗതബന്ധം സുഗമമാക്കുന്നതാണ് ഷിരാഡി തുരങ്കപാതാ പദ്ധതി. അപകടമേഖലയായ ഷിരാഡി ചുരം പാതയ്ക്ക് ബദലായി തുരങ്കപാത വന്നാൽ ഗതാഗതം കൂടുതല്‍ സുരക്ഷിതവും എളുപ്പത്തിലുമാകും. NH 75 (പഴയ NH 48) ൻ്റെ മാറനഹള്ളി മുതൽ അദ്ദഹോളെ വരെയുള്ള ഭാഗത്താണ് തുരങ്കനിർമാണം. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് ഇത്. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൻ്റെ കാലത്താണ് ഈ നിർദേശം മുന്നോട്ടുവച്ചത്. പാതയിലെ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള പരിഹാരം മാത്രമല്ല, യാത്രക്കാരുടെ സമയം ലാഭിക്കാനും പദ്ധതി സഹായിക്കും.

സംസ്ഥാനത്തെ മറ്റു ഗതാഗത പദ്ധതികള്‍ക്കുള്ള അനുമതി ലഭ്യമാക്കാനും നിവേദനത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ കേരള അതിർത്തി മുതൽ ഗുണ്ടൽപേട്ട്-നഞ്ചൻകോട്-മൈസൂരു വഴി കൊല്ലഗൽ വരെ (106.60 കിലോമീറ്റർ) ആറുവരിയാക്കല്‍, എച്ച്.ഡി. കോട്ടെ വഴി മൈസൂരുവിലേക്കുള്ള 90 കിലോമീറ്റർ റോഡ് വികസനം, മൈസൂരുവിലെ മണിപ്പാൽ ആശുപത്രിക്കുമുമ്പിലെ ദേശീയപാതയിലെ മേൽപ്പാത നിര്‍മ്മാണം, മൈസൂരു റിങ് റോഡിൽ ഗതാഗക്കുരുക്ക് ഒഴിവാക്കാൻ ഒമ്പത് ഗ്രേഡ് സെപ്പേറേറ്ററുകൾ, മൈസൂരു-ബെന്നൂർ-മലവള്ളി പാത(45 കിലോമീറ്റർ) വികസനം, ബെലഗാവി നഗരത്തിൽ എലവേറ്റഡ് കോറിഡോർ, ഗോഗക് വെള്ളച്ചാട്ടത്തിൽ കേബിൾ കാർ, കിറ്റൂർ-ബൈലഹൊങ്കൽ റോഡ് നവീകരണം, കലബുറഗി റായ്ചൂരു എന്നിവിടങ്ങളില്‍ നിര്‍മിക്കാനുള്ള ബൈപ്പാസ് എന്നീ പദ്ധതികള്‍ക്കുള്ള അനുമതിയാണ് സര്‍ക്കാര്‍ തേടിയത്.


ബെലഗാവി – ഹംഗുണ്ട് – റായ്ച്ചൂർ (NH748A), ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ, സൂറത്ത്-ചെന്നൈ എക്സ്പ്രസ് വേ, ബെംഗളൂരു നഗരത്തിലെ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് എന്നിങ്ങനെ സംസ്ഥാനത്തെ നാല് ഗ്രീൻഫീൽഡ് ഇടനാഴികൾക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയതിന് സിദ്ധരാമയ്യ കൂടിക്കാഴ്ചയില്‍ ഗഡ്കരിയോട് നന്ദി അറിയിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, പൊതുമരാമത്തുമന്ത്രി രമേഷ് ജാർക്കിഹോളി, ഊർജവകുപ്പുമന്ത്രി കെ.ജെ. ജോർജ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

<BR>
TAGS : SHIRADI GHAT | KARNATAKA
SUMMARY : Shiradi Ghat tunnel: Karnataka seeks central approval

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *