ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്രം

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്രം

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലൈംഗികാരോപണത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ ഇടപെടൽ.

പ്രജ്വലിന്റെ പാസ്പോർട്ട് റദ്ദാക്കുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വ്യാഴാഴ്ച പ്രതികരിച്ചിരുന്നു. മെയ് 21ന് മന്ത്രാലയത്തിന് അഭ്യർത്ഥന ലഭിച്ചുവെന്നും അത് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പാസ്പോർട്ട് റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണം എന്നാവശ്യപ്പെട്ടാണ് എം.ഇ.എ. വെള്ളിയാഴ്ച പ്രജ്വലിനു നോട്ടീസയച്ചിരിക്കുന്നത്. മതിയായ കാരണങ്ങൾ കാണിക്കാത്ത പക്ഷം അദ്ദേഹത്തിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുകയും നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും എന്ന് എം.ഇ.എ. വൃത്തങ്ങൾ അറിയിച്ചു. പ്രജ്വൽ ജർമനിയിലാണ് എന്നാണ് ലഭ്യമായ വിവരം. പാസ്പോർട്ട് റദ്ദാക്കപ്പെട്ടാൽപിന്നെ പ്രജ്വലിന് വിദേശത്ത് തുടരുന്നത് പ്രയാസമാകും.

ചെറുമകൻ പ്രജ്വൽ രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങാനും പോലീസിൽ കീഴടങ്ങാനും അറിയിച്ച് ജെഡിഎസ് നേതാവ് എച്ച്‌.ഡി. ദേവഗൗഡയും രംഗത്ത് വന്നിരുന്നു. പ്രജ്വലിന്റെ പാസ്പോർട്ട് റദ്ദാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം എന്നുകാണിച്ച് ബുധനാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *