ജെൻസന് അന്ത്യചുംബനം നൽകി ശ്രുതി; കണ്ണീരോടെ കേരളം

ജെൻസന് അന്ത്യചുംബനം നൽകി ശ്രുതി; കണ്ണീരോടെ കേരളം

കൽപ്പറ്റ: അപകടത്തിൽ അന്തരിച്ച ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം ദർശനത്തിന് വെച്ചത്.

ചൊവ്വാഴ്ചയാണ് ഇരുവരും സഞ്ചരിച്ച വാന്‍ ബസുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ജെന്‍സന്റെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച ജെന്‍സന്റെ മരണം ഇന്നലെ രാത്രിയോടെയാണ് സ്ഥിരീകരിക്കുന്നത്. പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു. ജെന്‍സന്‍ തിരിച്ചുവരില്ല എന്ന് ഉറപ്പായതോടെ ഇന്നലെ തന്നെ ശ്രുതിയോട് ജെന്‍സന്റെ നില അറിയിച്ചിരുന്നു.

ജെൻസന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിച്ചു. സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ബത്തേരി ആശുപത്രിയിൽ വച്ച് ജെൻസനെ കണ്ടു. ശേഷം അമ്പലവയൽ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെൻസൻ്റെ മൃതദേഹം കൊണ്ടുപോയത്. ഇവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഉള്ളുലക്കുന്ന കാഴ്ചയാണ് ഇവിടെ. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് ഇവിടെ എത്തിയത്. ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. ജെൻസന്റേയും ശ്രുതിയുടേയും വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് അപകടം ഉണ്ടായതും ജെൻസൺ മരിക്കുന്നതും.
<BR>
TAGS : WAYANAD LANDSLIDE
SUMMARY : Shruthi visits Jensons body at hospital

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *