ബിജെപിക്കെതിരെ പത്രപരസ്യം നൽകിയ കേസ്; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും ജാമ്യം

ബിജെപിക്കെതിരെ പത്രപരസ്യം നൽകിയ കേസ്; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും ജാമ്യം

ബെംഗളൂരു: ബിജെപിക്കെതിരെ പത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം നല്‍കിയെന്ന കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ ഹാജരായ ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

കോടതിയിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം സമന്‍സ് ലഭിച്ചിരുന്നു. 2023 മേയിൽ ബിജെപിക്കെതിരെ ദിനപത്രങ്ങളില്‍ കോണ്‍ഗ്രസ് പരസ്യം നൽകിയിരുന്നു. ബിജെപി അഴിമതി പാര്‍ട്ടിയാണെന്ന രീതിയിലായിരുന്നു പരസ്യം.

കോവിഡ് സാമഗ്രികള്‍, സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്ന മുട്ട, റോഡ് നിര്‍മാണം എന്നിവയിലെല്ലാം അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പരസ്യത്തില്‍ പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ നടത്തിയത് ഒന്നര ലക്ഷം കോടിയുടെ അഴിമതിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി പരാതി നല്‍കുകയായിരുന്നു.

ബിജെപിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും പരസ്യം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്ക് പുറമെ രാഹുല്‍ ഗാന്ധിക്കെതിരെയും വിഷയത്തില്‍ പരാതിയുണ്ട്. സംഭവത്തില്‍ മൂവര്‍ക്കുമെതിരെ മാനനഷ്‌ടത്തിനാണ് ബിജെപി പരാതി നല്‍കിയത്.

TAGS
KARNATAKA, KARNATAKA POLITICS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *