സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമം,​ വെടിയേറ്റു,​ നില അതീവ ഗുരുതരം

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമം,​ വെടിയേറ്റു,​ നില അതീവ ഗുരുതരം

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമം. ഇന്ന് ഉച്ചയോടെയാണ് ഫിക്കോയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. നിരവധി തവണ വെടിയേറ്റതിനാൽ ഫിക്കോ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെന്നു സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

സെൻട്രൽ ടൗണായ ഹാൻഡ്‌ലോവയിൽ കൾച്ചറൽ കമ്മ്യൂണിറ്റി സെന്ററിൽ സർക്കാർ യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനൊരുങ്ങവെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു ഫിക്കോ. ഇതിനിടെ, ഒരാൾ വെടിയുതിർക്കുകയായിരുന്നു. നിലത്തുവീണ ഫിക്കോയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ കാറിലേക്ക് മാറ്റി.

71കാരനായ പ്രതിയെ പോലീസ് സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ ഫിക്കോയെ സമീപത്തെ ആശുപത്രിയിലേക്ക് ഹെലികോപ്പ്റ്റര്‍ മാർഗ്ഗം എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി ഹാൻഡ്ലോവയ്ക്ക് കിഴക്കുള്ള ബാൻസ്‌ക ബൈസ്ട്രിക നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

2006 മുതൽ 2010 വരെയും 2012 മുതൽ 2018 വരെയും സ്ലൊവാക്യയുടെ പ്രധാനമന്ത്രിയായിരുന്നു ഫിക്കോ. 1992 മുതൽ പാർലമെന്റായ നാഷണൽ കൗൺസിലിൽ അംഗമാണ്. റഷ്യയോട് മൃദുസമീപനമുള്ള ഫിക്കോ അധികാരത്തിലെത്തിയ പിന്നാലെ യുക്രെയിന് നൽകി വന്ന സൈനിക സഹായം നിറുത്തലാക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളിൽ ഒന്നായിരുന്നു ഇത്. ആയുധങ്ങൾ നൽകില്ലെങ്കിലും മാനുഷിക സഹായങ്ങൾ തുടരുമെന്നും പ്രഖ്യാപിച്ചു. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ ആയുധ വിതരണക്കാരിൽ നിന്ന് സമാധാന സ്ഥാപകരാകണമെന്നും ഫിക്കോ തുറന്നടിച്ചിരുന്നു. യുക്രെയിനിൽ സംഘർഷം ആരംഭിക്കാൻ കാരണം അമേരിക്കൻ ഇടപെടലാണെന്ന് ഫിക്കോ മുമ്പ് ആരോപിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *