അന്നഭാഗ്യ പദ്ധതിയിൽ ഇനി പണം നൽകില്ല; പകരം അധികം അരി

അന്നഭാഗ്യ പദ്ധതിയിൽ ഇനി പണം നൽകില്ല; പകരം അധികം അരി

ബെംഗളൂരു: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഗ്യാരണ്ടി പദ്ധതികളിൽ ഒന്നായ അന്നഭാഗ്യയിൽ ഇനി പണം നൽകില്ല. പകരമായി അടുത്ത പത്ത് മാസം പത്ത് കിലോ വീതം അരി ലഭിക്കും. നിലവിൽ അഞ്ച് കിലോ അരിയും ബാക്കി പണവുമാണ് നൽകിവന്നത്. പത്ത് കിലോ വീതം അരി വിതരണം ആരംഭിക്കുന്നതോടെ പണം നൽകുന്നത് നിർത്തലാക്കുമെന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി കെ.എച്ച്.മുനിയപ്പ പറഞ്ഞു.

2023 ഫെബ്രുവരി ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് പത്തുകിലോ അരിവീതം മാസംതോറും നൽകുന്നതിനായാണ് പദ്ധതി തുടക്കമിട്ടത്. എന്നാൽ ഉയര്‍ന്ന അളവില്‍ അരി സംഭരിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അധിക അഞ്ച് കിലോയ്‌ക്ക് ബദലായി പണം നല്‍കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. അഞ്ചുകിലോ അരിക്കുപകരം 170 രൂപ പദ്ധതിയിലെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസംതോറും അയച്ചുവരുകയായിരുന്നു. ഒരുകിലോ അരിക്ക് 34 രൂപവെച്ച് കണക്കാക്കിയാണിത്. എന്നാൽ നിലവിൽ അരി നൽകാൻ കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ഇനി പണം നൽകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് മുന്നോട്ടുവച്ച അഞ്ചിന വാഗ്ദാനങ്ങളിൽ ഒന്നാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്ത ശക്തി പദ്ധതി, 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയ ഗൃഹജ്യോതി പദ്ധതി, ബിരുദ പഠനം പൂർത്തിയാക്കിയ തൊഴിൽ അന്വേഷകർക്കു സഹായ ധനം നൽകുന്ന യുവനിധി പദ്ധതി, വീട്ടമ്മമാർക്ക് 2000 രൂപ പ്രതിമാസം നൽകുന്ന ഗൃഹലക്ഷ്മി സ്കീം എന്നിവയാണ് സർക്കാർ നടപ്പിലാക്കിയ മറ്റ്‌ ഗ്യാരണ്ടി പദ്ധതികൾ.

TAGS: KARNATAKA
SUMMARY: Karnataka to stop cash transfer under Anna Bhagya

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *