ബംഗ്ലാദേശിൽ തൊഴിൽ സംവരണത്തിനെതിരേ വിദ്യാർഥി പ്രക്ഷോഭം;  32 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബംഗ്ലാദേശിൽ തൊഴിൽ സംവരണത്തിനെതിരേ വിദ്യാർഥി പ്രക്ഷോഭം;  32 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ധാക്ക: ബംഗ്ലാദേശിൽ സർക്കാർമേഖലയിലെ തൊഴിൽസംവരണത്തിനെതിരേ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുന്നു. രാജ്യത്തുടനീളം കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പലയിടത്തും വ്യാപക ആക്രമണമുണ്ടായി. ഇതുവരെ 32 പേർ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2500- ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച ആറുപേർ കൊല്ലപ്പെട്ടതില്‍ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ വീണ്ടും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്. ധാക്കയിലടക്കം വിവിധയിടങ്ങളിൽ പോലീസും ഭരണകക്ഷിയായ അവാമി ലീഗിന്റെ ആയുധമേന്തിയ പ്രവർത്തകരും വിദ്യാർഥികളുമായി ഏറ്റുമുട്ടി.

പ്രക്ഷോഭകാരികൾ രാജ്യത്തെ ഔദ്യോഗിക ടിവി ചാനൽ സ്ഥാപനത്തിന് തീയിട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഔദ്യോഗിക ചാനൽ വഴി പ്രക്ഷോഭകാരികളോട് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ടിവി ചാനലിൻ്റെ ആസ്ഥാനം തന്നെ അഗ്നിക്കിരയാക്കിയത്.

1971 ൽ ബംഗ്ലാദേശിൻ്റെ വിമോചനത്തിന് വഴി തുറന്ന യുദ്ധത്തിൽ പങ്കാളികളായവരുടെ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെയാണ് സമരം പൊട്ടിപ്പുറപ്പെട്ടത്. ധാക്ക, ചിറ്റഗോംഗ്, രംഗപൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി.

സർക്കാർ നിയമനത്തിനുള്ള മുൻ ചട്ടങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് സമരക്കാരുടെ ആവശ്യം. പോലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചതോടെയായിരുന്നു ഇത്. ബംഗ്ലാദേശ് ടിവിയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പ്രക്ഷോഭകർ റിസപ്ഷനിലും പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്കും തീയിട്ടു. കെട്ടിടത്തിൽ തീ പിടിച്ചപ്പോൾ ഉദ്യോഗസ്ഥർ ഇതിന് അകത്ത് കുടുങ്ങിപ്പോയി. ഇവരെ പിന്നീട് സുരക്ഷിതമായി പുറത്തെത്തിച്ചു.
<br>
TAGS : BANGLADESH | RIOT | STUDENT PROTEST
SUMMARY : Student protest against job reservation in Bangladesh. 32 people are reported to have been killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *