സുഭദ്ര കൊലക്കേസ്; പ്രതികളായ മാത്യൂസും ശർമിളയും കർണാടകയിൽ നിന്ന് പിടിയിൽ

സുഭദ്ര കൊലക്കേസ്; പ്രതികളായ മാത്യൂസും ശർമിളയും കർണാടകയിൽ നിന്ന് പിടിയിൽ

ആലപ്പുഴ: എറണാകുളത്തുനിന്നുള്ള വയോധികയെ കലവൂരില്‍  വച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതികളായ കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിഥിന്‍-33), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (30) എന്നിവര്‍ കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. പ്രതികളുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചെന്നാണ് വിവരം. പ്രതികൾക്കായി കർണാടകയും തമിഴ്നാടും കേന്ദ്രീകരിച്ച് അന്വേഷണസംഘം തിരച്ചിൽ ശക്തമാക്കിയിരുന്നു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിലാണു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഈ വീട്ടിൽ താമസിച്ചിരുന്ന മാത്യൂസും ഭാര്യ ശർമ്മിളയുമാണ് കൊലനടത്തിയതെന്നാണ് നിഗമനം. പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു.

സുഭദ്രയെ കാണാനില്ലെന്നുകാട്ടി മകന്‍ രാധാകൃഷ്ണന്‍ ഓഗസ്റ്റ് നാലിന് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ സുഭദ്ര ഒടുവില്‍ വിളിച്ചത് മാത്യൂസിനെയാണെന്നു വ്യക്തമായി. അവസാന ഫോണ്‍ ലൊക്കേഷന്‍ കലവൂരിലാണെന്നതും സംശയത്തിനിടയാക്കി. ഇതു ചോദിച്ചറിയുന്നതിനായി മാത്യൂസിനോട് ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനിലെത്താന്‍ പോലീസ് ഓഗസ്റ്റ് 10-ന് ആവശ്യപ്പെട്ടു. അതോടെ മാത്യൂസും ശര്‍മിളയും ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ദമ്പതികളായ മാത്യൂസും ശർമ്മിളയും അമിതമദ്യപാനികളായിരുന്നു. കൊലപാതകം സ്വർണത്തിനുവേണ്ടി മാത്രമായിരുന്നു എന്നാണ് കരുതുന്നത്. സ്വര്‍ണം വിറ്റത് മംഗളൂരുവിലും ആലപ്പുഴയിലുമുള്ള ജൂവലറികളിലാണ്. ആലപ്പുഴയിലെ ജൂവലറിയില്‍നിന്ന് 27,000 രൂപ മാത്യൂസിന്റെ ഗൂഗിള്‍ പേ നമ്പരിലേക്കു വന്നതായി പോലീസ് കണ്ടെത്തി.

കെട്ടിട നിർമ്മാണത്തൊഴിലാളിയായി ജോലിനോക്കിയിരുന്ന മാത്യൂസിന്റെ രണ്ടാം വിവാഹമായിരുന്നു ശർമിളയുമായുള്ളത്. ഇവർക്ക് അയൽവാസികളോട് വലിയ ബന്ധം ഉണ്ടായിരുന്നില്ല. കടവന്ത്രയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്ര സ്വന്തം മക്കൾ അറിയാതെയാണ് ദമ്പതിമാർക്കൊപ്പം പോയത്. ശർമിള എത്തി സുഭദ്രയെയും കൂടെപ്പോവുകയായിരുന്നു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് പോലീസ് നേരത്തെ സൂചന നല്‍കിയിരുന്നു.
<br>
TAGS : MURDER | ARRESTED
SUMMARY : Subhadra murder case; Accused Mathews and Sharmila arrested from Karnataka

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *