ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് പുറത്ത്, ഹൈദരാബാദ് ഫൈനലിൽ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് പുറത്ത്, ഹൈദരാബാദ് ഫൈനലിൽ

ഐപിഎല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സ് പുറത്ത്. രണ്ടാം ക്വാളിഫയര്‍ മാച്ചില്‍ റോയല്‍സിനെ 36 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലുടനീളം മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിരുന്ന സണ്‍റൈസേഴ്‌സിനെ 175 റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടും റോയല്‍സിന് വിജയം എത്തിപ്പിടിക്കാനായില്ല. ബാറ്റിങ് നിരയുടെ പരാജയമാണ് റോയല്‍സിന്റെ പതനത്തിന് കാരണമായത്.

35 പന്തില്‍ പുറത്താവാതെ 56 റണ്‍സെടുത്ത ധ്രുവ് ജുറെലും 21 പന്തില്‍ 42 റണ്‍സെടുത്ത ഓപണര്‍ യശസ്വി ജയ്‌സ്വാളും മാത്രമാണ് തിളങ്ങിയത്. ടോം കോഹ്‌ലര്‍ (10), സഞ്ജു സാംസണ്‍ (10) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. നാല് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശഹബാസ് അഹമ്മദാണ് രാജസ്ഥാന് കനത്ത പ്രഹരമേല്‍പ്പിച്ചത്. അഭിഷേക് ശര്‍മ നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് കളിക്കാരായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍. പ്ലേ ഓഫിലേക്കെത്തിയ നാല് ടീമുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോഹ്ലിയും മുഹമ്മദ് സിറാജും ലോകകപ്പ് ടീമില്‍ ഇടം നേടിയിട്ടുണ്ട്.

രോഹിത് ശര്‍മ്മയാണ് ലോകകപ്പ് ടീമിന്റെ ക്യാപ്റ്റന്‍, ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ മറ്റുള്ളവര്‍. റിങ്കു സിംഗിനെ കൂടാതെ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍ എന്നിവരാണ് റിസര്‍വ് ബെഞ്ചിലുള്ളത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *