തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണക്ക് സുപ്രീം കോടതി നോട്ടീസ്

തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണക്ക് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: ലൈംഗികാതിക്രമത്തിനു ഇരയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് സുപ്രീം കോടതി നോട്ടീസ്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഹര്‍ജിയിലാണ് നോട്ടീസ്. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ കർണാടക ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതിനെതിരെയാണ് പ്രത്യേക അന്വേഷണസംഘം ഹര്‍ജി നല്‍കിയത്.

ജസ്‌റ്റിസുമാരായ സൂര്യകാന്തും ഉജ്വല്‍ ഭൂയാനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജാമ്യം നൽകുന്നതിന് രാഷ്‌ട്രീയ കാരണങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ പരിശോധിച്ചു. പ്രജ്വലിനെതിരെയുള്ള ഗൗരവമായ ആരോപണങ്ങളും കോടതി പരിശോധിച്ചു. ലൈംഗിക പീഡനക്കേസും നാടുവിടലും പിന്നീട് തിരികെ എത്തിച്ചുള്ള അറസ്‌റ്റുമടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. മകനെതിരെ ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കെ അയാളെ രക്ഷിക്കാന്‍ അമ്മ എന്ത് പങ്കാണ് വഹിച്ചതെന്ന് കോടതി ആരാഞ്ഞു.

അറസ്‌റ്റ് തടഞ്ഞു കൊണ്ടുള്ള നടപടിയിലൂടെ ഹൈക്കോടതി അവരെ നീതീകരിക്കുകയാണോയെന്നും സുപ്രീം കോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായത്. കേസില്‍ ഭവാനി രേവണ്ണയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണസംഘം അഭിഭാഷകനായ വി.എന്‍. രഘുപതി വഴിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

TAGS: KARNATAKA | BHAVANI REVANNA
SUMMARY: SC issues notice on K’taka’s plea to cancel Bhavani Revanna’s bail in kidnap case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *