നടന്‍ ജയം രവി വിവാഹ മോചിതനായി

നടന്‍ ജയം രവി വിവാഹ മോചിതനായി

15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിയാനൊരുങ്ങി തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയം രവി വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. ഏറെ നാളായി ഇരുവരും തമ്മില്‍ അകന്നു കഴിയുകയായിരുന്നു.

‘ഒരുപാടു ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇതിനു പിന്നില്‍. തീര്‍ച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.

ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുതെന്നും ഈ വിഷയം ഞങ്ങളുടെ സ്വകാര്യ കാര്യമായി കാണണമെന്നും അഭ്യര്‍ഥിക്കുകയാണ്.

എന്റെ മുന്‍ഗണന എല്ലായിപ്പോഴും ഒരു കാര്യത്തിനു മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും സന്തോഷവും എന്റര്‍ടെയ്ന്‍മെന്റും നല്‍കുക. അതു തുടരും. ഞാന്‍ ഇപ്പോഴും എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ജയം രവി തന്നെയായിരിക്കും’- ജയം രവി പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ വേര്‍പിരിയുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജയം രവിയോ ആരതിയോ ഇതിനെക്കറിച്ച്‌ പ്രതികരിച്ചിരുന്നില്ല. നേരത്തെ തന്നെ ജയം രവിയോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ആരതി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കിയിരുന്നു. എന്നാല്‍ ‘മാരീഡ് ടു ജയം രവി’ എന്ന ഇന്‍സ്റ്റഗ്രാം ബയോ മാറ്റിയിട്ടില്ല. ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആരതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. 2009ലായിരുന്നു ആരതിയും ജയം രവിയും തമ്മിലുള്ള വിവാഹം. ആരവ്, അയാന്‍ എന്നിവരാണ് മക്കള്‍.

TAGS : JAYAM RAVI | DIVORCED
SUMMARY : Actor Jayam Ravi divorced

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *