ക്ലാസ്മുറിയില്‍ താലികെട്ട്: വിദ്യാര്‍ഥിയെ വിവാഹം കഴിച്ച്‌ അധ്യാപിക

ക്ലാസ്മുറിയില്‍ താലികെട്ട്: വിദ്യാര്‍ഥിയെ വിവാഹം കഴിച്ച്‌ അധ്യാപിക

കൊല്‍ക്കത്ത: ക്ലാസ്‌റൂമില്‍ വിദ്യാർഥിയെ അധ്യാപിക വിവാഹം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിവാദം ശക്തമാകുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 150 കി.മി അകലെയുള്ള നദിയയിലെ ഹരിഘട്ട ടെക്നോളജി കോളജിലാണ് വിവാദ സംഭവം. വിവാഹത്തിന്റെ ഭാഗമായുള്ള ഹല്‍ദി ആഘോഷത്തിന്റെയും വധൂവരൻമാർ പരസ്പരം മാലയിടുന്നതുമടക്കമുള്ള വിഡിയോ ആണ് പ്രചരിക്കുന്നത്.

മൗലാന അബുല്‍ കലാം ആസാദ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ കീഴിലാണ് കോളജ് പ്രവർത്തിക്കുന്നത്. കോളജിലെ ഫിസിയോളജി ഡിപാർട്മെന്റിലെ പ്രഫസർ പായല്‍ ബാനർജിയാണ് വധുവിന്റെ വേഷത്തിലുള്ളത്. വധുവായി ഒരുങ്ങി നില്‍ക്കുന്ന അധ്യാപിക ഒന്നാം വർഷ വിദ്യാർഥിയെ വിവാഹം കഴിക്കുന്നതാണ് വീഡിയോ. ബംഗാളി ആചാര പ്രകാരം വിവാഹ ചടങ്ങുകള്‍ നടത്തുന്നതും കാണാം.

വരണമാല്യം പരസ്പരം ചാർത്തി, സിന്ദൂരം അണിയിച്ച്‌ ക്ലാസ് റൂമിനുള്ളില്‍ ഇരുവരും വിവാഹം കഴിക്കുന്നതാണ് ദൃശ്യങ്ങള്‍. സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു. തുടർന്ന് വിവാദങ്ങള്‍ക്കും വഴിവച്ചു. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വീഡിയോയില്‍ കാണുന്ന അധ്യാപികയോട് യൂണിവേഴ്സിറ്റി വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ യഥാർത്ഥ വിവാഹമല്ല നടന്നതെന്നും നാടകം കളിച്ചതാണെന്നുമാണ് അധ്യാപികയുടെ മറുപടി.

സൈക്കോളജി ക്ലാസ് ആയതിനാല്‍ സിലബസുമായി ബന്ധപ്പെട്ട വിഷയം ഡ്രാമയിലൂടെ അവതരിപ്പിച്ചതാണെന്നും അധ്യാപിക പറയുന്നു. ക്ലാസ് റൂമിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം തയ്യാറാക്കിയ വീഡിയോയാണിത്. എന്നാല്‍ എങ്ങനെയാണ് വീഡിയോ ചോർന്നതെന്ന് അറിയില്ലെന്നും തന്റെ സമ്മതമില്ലാതെ മറ്റാരോ ആണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു.

TAGS : LATEST NEWS
SUMMARY : Teacher married to student in classroom

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *