ടെലിഗ്രാം സി.ഇ.ഒ ​ഫ്രാൻസിൽ അറസ്റ്റിൽ

ടെലിഗ്രാം സി.ഇ.ഒ ​ഫ്രാൻസിൽ അറസ്റ്റിൽ

പാരീസ്: മെസ്സേജിങ് ആപ്പായ ടെലഗ്രാമിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ പാവെല്‍ ദുരോവ്‌ ഫ്രാന്‍സില്‍ അറസ്റ്റില്‍. ലെ ബുര്‍ഗ്വേ വിമാനത്താവളത്തില്‍വെച്ചാണ് ദുരോവ്‌ അറസ്റ്റിലായത്. അസര്‍ബൈജാനിലെ ബകുവില്‍നിന്ന് സ്വകാര്യ ജെറ്റില്‍ എത്തിയപ്പോഴാണ് അറസ്‌റ്റെന്നാണ് വിവരം. ഫ്രാൻസിലെ പ്രാദേശിക ടി.വി ചാനലുകളായ ടി.എഫ്1 ടി.വി, ബി.എഫ്.എം ടി.വി എന്നിവയാണ് ​ടെലിഗ്രാം മേധാവിയുടെ അറസ്റ്റ് റിപ്പോർട്ട് ചെയ്തത്.

ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് അറസ്റ്റെന്നാണ് സൂചന. ഞായറാഴ്ച കോടതിയില്‍ ഹാജരാവാനിരിക്കെയാണ് അറസ്റ്റ്. ടെലിഗ്രാമിൽ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തത് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രാന്‍സിലെ ഏജന്‍സിയായ ഒ.എഫ്.എം.ഐ.എന്‍. ദുരോവിനെതിരെ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടതെന്നാണ് സൂചന.

റഷ്യൻ പൗരനായ ദുരോവ് 2014ലാണ് രാജ്യം വിട്ടത്. അന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വി.കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നിയമങ്ങൾ പാലിക്കുന്നില്ലെന്ന ആരോപണം റഷ്യ ഉന്നയിച്ചിരുന്നു. തുടർന്നായിരുന്നു ദുരോവിന്റെ രാജ്യം വിടൽ. പിന്നീട് വി.കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ദുരോവ് അടച്ചുപൂട്ടി.ഫോബ്സിന്റെ കണക്ക് പ്രകാരം 15.5 ബില്യൺ ഡോളറാണ് ദുരോവിന്റെ ആസ്തി. പല രാജ്യങ്ങളിലെ സർക്കാറുകളിൽ നിന്നും സമ്മർദമുണ്ടാവുന്നുണ്ടെങ്കിലും 900 മില്യൺ സജീവ ഉപയോക്താക്കൾ ലോകത്താകമാനം ഇന്ന് ടെലിഗ്രാമിനുണ്ട്.
<BR>
TAGS : PAVEL DUROV | TELEGRAM
SUMMARY : Telegram CEO arrested in France

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *