വുഹാനിലെ കോവിഡ് വ്യാപനം ലോകത്തെ അറിയിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് നാലു വർഷത്തിന് ശേഷം ജയിൽ മോചനം

വുഹാനിലെ കോവിഡ് വ്യാപനം ലോകത്തെ അറിയിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് നാലു വർഷത്തിന് ശേഷം ജയിൽ മോചനം

ബെയ്ജിങ്: ചൈനയിലെ വുഹാനില്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ ആദ്യ ദിവസങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് ചൈന ഭരണകൂടം തടവിലാക്കിയ വനിതാ മാധ്യമ പ്രവര്‍ത്തക നാല് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയാകുന്നു. മുന്‍ അഭിഭാഷക കൂടിയായ ഷാങ് ഷാന്‍ തിങ്കളാഴ്ച ജയില്‍ മോചിതയാവും.

2020 ഫെബ്രുവരിയില്‍ വുഹാനില്‍ നേരിട്ടെത്തി വീഡിയോ അടക്കമുള്ള വിവരങ്ങളാണ് ഷാങ് ഷാന്‍ വിവരങ്ങള്‍ തന്റെ ട്വിറ്റര്‍, യുട്യൂബ്, വീ ചാറ്റ് അക്കൗണ്ടുകളിലൂടെ ലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെ മെയ് മാസത്തിലാണ് ഷാങ് ഷാനിനെ അറസ്റ്റ് ചെയ്തത്. മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കുന്നു, സമൂഹത്തില്‍ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു അറസ്റ്റ്. ഡിസംബറില്‍ കേസില്‍ നാലുവര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചത്.

തന്റെ ശിക്ഷയില്‍ പ്രതിഷേധിച്ച് ജയിലില്‍ നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ട് ഷാങ് ഷാന്‍ നിരന്തരം പ്രതിഷേധിച്ചെന്നും ജയിലില്‍ പോകുമ്പോള്‍ 74 കിലോയുണ്ടായിരുന്ന ഷാങിന് നിലവില്‍ 40 കിലോയില്‍ താഴേ മാത്രമാണ് ഭാരമുള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു.

ആരോഗ്യം ക്ഷയിച്ച് ക്രമാതീതമായി ശരീര ഭാരം കുറഞ്ഞ് ഷാങ് ഷാന്‍ ഏതു നിമിഷവും മരിച്ചേക്കാമെന്നുകാട്ടി കുടുംബം മോചനത്തിനായി രംഗത്തെത്തിയിരുന്നു. ജയിലില്‍ വെച്ച് നിരവധി തവണ നിരാഹാര സമരവും നടത്തിയിരുന്നു. ‘ജയിലില്‍ വളരെ മോശമായ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഷാങ്ങിനെ മോചിപ്പിക്കുന്നു എന്നറിയുന്നത് ആശ്വാസകരമാണ്, പക്ഷേ അവളെ ആദ്യം തടവിലാക്കാന്‍ പാടില്ലായിരുന്നു. കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് മറച്ചുവെച്ചതിന് അല്ലെങ്കില്‍ അതിന്റെ ക്രൂരമായ പാന്‍ഡെമിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങള്‍ക്ക് ചൈനീസ് ഗവണ്‍മെന്റ് ഉത്തരവാദിയാണ് എന്ന് തെളിയിക്കുന്നതാണ് ഈ ജയില്‍ മോചനം’ ഹ്യൂമന്‍ റൈറ്റ്സ് അസോസിയേറ്റ് ഏഷ്യ ഡയറക്ടര്‍ മായ വാങ് പ്രതികരിച്ചു.

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ചൈന ഡയറക്ടര്‍ സാറാ ബ്രൂക്സും വിധിയെ സ്വാഗതം ചെയ്തു. ‘മെയ് 13 മുതല്‍ ഷാങ് ഷാന്‍ പൂര്‍ണമായി സ്വതന്ത്രമാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ചൈനീസ് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു സ്വതന്ത്രമായി സഞ്ചരിക്കാനും ചൈനയ്ക്ക് അകത്തും പുറത്തുമുള്ള ആളുകളുമായി ആശയവിനിമയം നടത്താനും കുടുംബവുമായി വീണ്ടും ഒന്നിക്കാനും അവരെ അനുവദിക്കണം. അവരും അവരുടെ കുടുംബവും നിരീക്ഷണത്തിനോ ഉപദ്രവത്തിനോ വിധേയരാകരുത്’ സാറാ ബ്രൂക്സ് പ്രതികരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *