പ്രതികളെ രക്ഷിക്കാനായി പൊതുഖജനാവിൽ നിന്ന് ചെലവാക്കിയ പണം സിപിഎം സര്‍ക്കാരിലേക്ക് അടക്കണം – സതീശന്‍

പ്രതികളെ രക്ഷിക്കാനായി പൊതുഖജനാവിൽ നിന്ന് ചെലവാക്കിയ പണം സിപിഎം സര്‍ക്കാരിലേക്ക് അടക്കണം – സതീശന്‍

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതി വിധി ആശ്വാസം പകരുന്നതും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിധി കൊല്ലപ്പെട്ടവരുടെ കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്നും പ്രതികളെ രക്ഷിക്കാന്‍ ചെലവാക്കിയ പണം സിപിഎം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

രണ്ടു ചെറുപ്പക്കാരെയാണ് ഒരു കാരണവും ഇല്ലാതെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിലൂടെ രണ്ടു കുടുംബങ്ങളെയാണ് ക്രിമിനലുകള്‍ അനാഥമാക്കിയത്. കൊലപാതകം നടത്തിയതും അതു ചെയ്യിച്ചതും സി.പി.എമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികളെ രക്ഷപ്പെടുത്താനായി പോലീസിനെ ദുരുപയോഗം ചെയ്തത് സര്‍ക്കാരാണ്. കുറ്റകരമായ ഗൂഢാലോചനയാണ് കൊലപാതകത്തിനു പിന്നില്‍ സി.പി.എം നടത്തിയത്. കൊല്ലേണ്ടത് ആരൊക്കെയെന്നു തീരുമാനിച്ചത് സി.പി.എമ്മാണ്. എങ്ങനെ കൊല്ലണമെന്നും കൊലപാതകത്തിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്നും തീരുമാനിച്ചതും ഒളിപ്പിച്ചതും തെളിവുകള്‍ നശിപ്പിച്ചതും ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചതും സി.പി.എമ്മാണ്. ഇതിനെല്ലാം നേതൃത്വം കൊടുത്ത പാര്‍ട്ടിയാണല്ലോ കേരളം ഭരിക്കുന്നതെന്നോര്‍ത്ത് കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണ്. – പ്രതിപക്ഷനേതാവ് പറഞ്ഞു.

പത്ത് പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തിയ വിധിക്കെതിരെ കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നല്‍കും. കോണ്‍ഗ്രസ് പാര്‍ട്ടിയും ശത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബവും നടത്തിയ പോരാട്ടത്തിന്റെ ധാര്‍മ്മിക വിജയമാണ് കോടതി വിധി. പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി പൊതുഖജനാവില്‍ നിന്നും ചെലവഴിച്ച ഒരു കോടിയോളം രൂപ സി.പി.എം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടയ്ക്കണം. ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നിട്ടും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളോട് ക്ഷമാപണം നടത്തണം.

ഇത്തരം കൊലപാതകങ്ങള്‍ നമ്മുടെ കേരളത്തില്‍ തുടരാന്‍ പാടില്ല. എന്ത് ക്രൂരത ചെയ്താലും അതിന് കുടപിടിച്ചു കൊടുക്കുന്ന സംവിധാനങ്ങളായി നീതിന്യായ വ്യവസ്ഥയും പോലീസും മാറാന്‍ പാടില്ല. അതിനൊക്കെ എതിരാണ് ഈ കോടതി വിധി. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സി.പി.എം പറഞ്ഞതിലൂടെ ആരാണ് പ്രതികളെ രക്ഷിക്കുന്നതെന്നു വ്യക്തമായി. ക്രിമിനല്‍ കേസില്‍ വാദിയാകേണ്ട സര്‍ക്കാര്‍ തന്നെയാണ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ സന്തോഷിക്കേണ്ടതിനു പകരം ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ അപ്പീല്‍ നല്‍കുമെന്ന് പറയുന്നത് ക്രിമിനലുകളെ പരസ്യമായി സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്ന് ഒന്നു കൂടി പുരപ്പുറത്തു കയറി വിളിച്ചു പറയുകയാണ്.

തീവ്രവാദി സംഘടനകള്‍ ഒരു വെട്ടിനോ ഒരു ബുളളറ്റിനോ ആണ് എതിരാളികളെ കൊല്ലുന്നത്. എന്നാല്‍ സി.പി.എം കൊലപാതകം ആസൂത്രണം ചെയ്ത് മുഖം വികൃതമാക്കിയാണ് കൊല്ലുന്നത്. മുഖം കണ്ടാല്‍ കുടുംബാംഗങ്ങള്‍ പോലും തിരിച്ചറിയരുതെന്ന നിര്‍ദ്ദേശമാണ് സി.പി.എം നേതൃത്വം ടി.പിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ നല്‍കിയത്. കുടുംബത്തിന് നീതി വാങ്ങിക്കൊടുക്കുന്നതുവരെ കോണ്‍ഗ്രസ് അവര്‍ക്കൊപ്പമുണ്ടാകുമെന്നും വി ഡി സതീശൻ വ്യപറഞ്ഞു.

TAGS : VD SATHEESAN  | PERIYA MURDER CASE
SUMMARY : The money spent from the public treasury to save the accused CPM should be returned to the government – Satheesan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *