നരേന്ദ്രമോദി സർക്കാർ അധികാരമേറ്റു; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഇനി കേന്ദ്രമന്ത്രിമാര്‍

നരേന്ദ്രമോദി സർക്കാർ അധികാരമേറ്റു; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഇനി കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നരേന്ദ്രമോദി ഉള്‍പ്പെടെ ബിജെപിയില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നുമായി 31 കാബിനറ്റ് മന്ത്രിമാരടങ്ങുന്ന 72 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. ഇതിൽ 6 പേർക്ക് സ്വതന്ത്ര ചുമതലയും 36 പേർക്ക്‌ സഹമന്ത്രി സ്ഥാനവും ലഭിക്കും. മോദിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ ഖട്ടർ എന്നിവർ ഒന്ന് മുതൽ എട്ട് വരെ യഥാക്രമം സത്യവാചകം ചൊല്ലി.

ഘടകകക്ഷികളില്‍ നിന്ന് ജെഡിഎസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയും സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്ന് തൃശൂര്‍ എം.പി സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരാണ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും കേന്ദ്ര സഹമന്ത്രി സ്ഥാനമാണ് ലഭിക്കുക. ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖം കൂടിയാണ് കോട്ടയം കാണക്കാരി സ്വദേശിയായ ജോർജ് കുര്യൻ. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ വൈസ് ചെയർമാൻ ആണ്. നേരത്തെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങിയവർ ചടങ്ങിനെത്തി. അംബാനി കുടുംബവും നടൻ ഷാരൂഖ് ഖാനും അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ഏക്നാഥ് ഷിൻ‌ഡെ, അജിത് പവാര്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
<BR>
TAGS : NARENDRA MODI GOVERNMENT | SURESH GOPI | NDA GOVT | GEORGE KURIAN
SUMMARY : The Narendra Modi government took office; Suresh Gopi and George Kurien are now Union Ministers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *