തൃശൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം; വിഗ്രഹവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു
Representational image// Meta AI

തൃശൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം; വിഗ്രഹവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

തൃശൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ നടന്ന മോഷണത്തില്‍ വിഗ്രഹവും സ്വർണാഭരണങ്ങളും പണവും കവർന്നു. ചാവക്കാട് പുതിയപാലത്തിന് സമീപമുള്ള നരിയംപുള്ളി ശ്രീഭഗവതി ക്ഷേത്രം, ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

ചാവക്കാട് പുതിയ പാലത്തിന് സമീപമുളള നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രം തിടപ്പള്ളിയുടെ വാതിലിലെ പൂട്ട് അടിച്ച്‌ തകർത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ആഭരണങ്ങളും വിഗ്രഹവുമാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്. രാവിലെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റിയംഗമാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഉടനെ തന്നെ ക്ഷേത്രം ഭാരവാഹികള്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ അലമാര കുത്തി പൊളിച്ചാണ് കവർച്ച നടത്തിയത്. ക്ഷേത്ര ഓഫീസിന്‍റെ പൂട്ടു തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഓഫീസിലെ അലമാര തുറന്നാണ് സ്വർണ്ണവും പണവും കവർന്നത്. ക്ഷേത്രത്തിലെ കിരീടവും ശൂലവും സ്വർണ്ണ മാലകളും നഷ്ടപ്പെട്ടതായാണ് വിവരം.

ഏഴു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയിട്ടുള്ളത്. കൂടാതെ രണ്ടു ദിവസത്തെ അമ്പലത്തിലെ വരവ് പൈസയും നഷ്ടപ്പെട്ടതായാണ് വിവരം. മോഷണ വിവരം അറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

TAGS : THRISSUR | TEMPLE | ROBBERY
SUMMARY : Theft in two temples in Thrissur; The idol and gold ornaments were stolen

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *