തേങ്കുറിശ്ശി ദുരഭിമാനക്കൊല; രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം

തേങ്കുറിശ്ശി ദുരഭിമാനക്കൊല; രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം

പാലക്കാട്‌: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച്‌ കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷിച്ചത്. ഇതിന് പുറമെ മറ്റു വകുപ്പുകളില്‍ മൂന്നു വര്‍ഷം കഠിനതടവും അനുഭവിക്കണം.

ഇരുവരില്‍ നിന്നും 50000 രൂപ വീതം പിഴ ഈടാക്കി കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് നല്‍കണം. 2020 ഡിസംബര്‍ 25നാണ് തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. അനീഷ്, ഹരിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് എതിരായിരുന്ന വീട്ടുകാരാണ് കൊലപ്പെടുത്തിയത്. പെയിൻ്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി ഹരിത വീട് വിട്ടിറങ്ങുകയായിരുന്നു. ഇതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

ജാതി വ്യത്യാസത്തിന്റെ പേരില്‍ ഇരുവരേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീ൪ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള ഇരുവരുടെയും വിവാഹം. പോലീസിൻറെ സാന്നിധ്യത്തില്‍ ഒത്തുതീ൪പ്പിന് ശ്രമമുണ്ടായി.

അന്ന് സ്റ്റേഷനില്‍ വെച്ച്‌ ഹരിതയുടെ അച്ഛൻ പ്രഭുകുമാ൪ മകളുടെ മുഖത്ത് നോക്കി അനീഷിന്റെ നാള്‍കുറിച്ചു. 90 ദിവസത്തിനുളളില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. കൃത്യം 88 -ാം ദിവസം അച്ഛനും അമ്മാവൻ സുരേഷും ചേ൪ന്ന് ക്രൂര കൊലപാതകം നടപ്പാക്കി. മൂന്ന് മാസത്തെ പക മനസ്സില്‍ സൂക്ഷിച്ച പ്രതികള്‍ അനീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സഹോദരനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു അനീഷ്.

സമീപത്തുള്ള കടയില്‍ സോഡ കുടിക്കാനായി നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ആക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനും വെട്ടേറ്റ അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തികമായും ജാതിവ്യവസ്ഥയിലും മേല്‍ത്തട്ടിലുളള ഹരിതയെന്ന പെണ്‍കുട്ടിയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച്‌ വിവാഹം കഴിച്ചിതിലുളള പകയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

TAGS : THENKURUSSI MURDER CASE | ACCUSED
SUMMARY : Thenkurissi honor killing; Life imprisonment for both the accused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *