വയലാർ കാലാതിവർത്തിയായ സാർവലൗകികതയുടെ കവി: ബി എസ് ഉണ്ണിക്കൃഷ്ണൻ

വയലാർ കാലാതിവർത്തിയായ സാർവലൗകികതയുടെ കവി: ബി എസ് ഉണ്ണിക്കൃഷ്ണൻ

ബെംഗളൂരു: സവിശേഷമായ ഒരു തരം പ്രവചനാത്മകതയായിരുന്നു വയലാര്‍ രാമവര്‍മ്മയുടെ കവിതകളുടെ മുഖമുദ്രയെന്ന് കവിയും പത്രപ്രവര്‍ത്തകനുമായ ബി.എസ്. ഉണ്ണികൃഷ്ണന്‍. പല തലമുറകളിലൂടെ കാലത്തെ അതിശയിച്ച പ്രതിഭാസമാണ് വയലാറിന്റെ കാവ്യലോകം. കാല്പനികതയും തത്വചിന്തയും ശാസ്ത്രചിന്തയും പ്രണയവും ഭക്തിയും വിപ്ലവവുമെല്ലാം ഉള്‍ച്ചേര്‍ന്ന സാര്‍വലൗകികതയാണ് അദ്ദേഹത്തിന്റെ രചനകളെ അനശ്വരമാക്കി നിലനിര്‍ത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച വയലാര്‍ അനുസ്മരണ സെമിനാറില്‍ വയലാര്‍- കാലത്തില്‍ പതിഞ്ഞ കയ്യൊപ്പ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഭജനകാലത്ത് ഇന്ത്യയുടെ രാഷ്ട്രശരീരത്തില്‍ ആഴത്തിലേറ്റ മുറിവുകള്‍ വയലാറിനെ വേദനിപ്പിച്ചിരുന്നു. ഇക്കാലഘട്ടത്തില്‍ തന്നെ ഇവിടെ വിതയ്ക്കപ്പെട്ട വംശീയതയുടെ വിഷവിത്തുകളെയും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇതിനെയെല്ലാം സംബന്ധിക്കുന്ന കൃത്യമായ മുന്നറിയിപ്പുകള്‍ അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും പ്രകടമാണ്. ഇന്നലെയുടെയും ഇന്നിന്റെയും മാത്രമല്ല, നാളെയുടെയും കവിയാണ് വയലാര്‍ എന്നും ബി. എസ്. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

പി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ആര്‍ വി പിള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ആര്‍. വി. ആചാരി, കെ. ആര്‍. കിഷോര്‍, സുദേവന്‍ പുത്തന്‍ചിറ, ശാന്തകുമാര്‍ എലപ്പുള്ളി, ഉമേഷ് ശര്‍മ എന്നിവര്‍ സംസാരിച്ചു. കൃഷ്ണമ്മ ടീച്ചര്‍, തങ്കമ്മ സുകുമാരന്‍, പൊന്നമ്മദാസ്, കല്പന പ്രദീപ്, കെ .പി. ഗോപാലകൃഷ്ണന്‍, ഇ. ആര്‍. പ്രഹ്ലാദന്‍. മോഹന്‍ദാസ് എന്നിവര്‍ വയലാറിന്റെ കവിതകളും, ഗാനങ്ങളും ആലപിച്ചു. പ്രദീപ്. പി. പി. നന്ദി പറഞ്ഞു.
<Br>
TAGS : ART AND CULTURE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *