ആശാന്റെ ദുരവസ്ഥ ഇന്നത്തെ ദുരവസ്ഥകളിൽ ഏറെ പ്രസക്തം-ഡെന്നിസ് പോൾ  

ആശാന്റെ ദുരവസ്ഥ ഇന്നത്തെ ദുരവസ്ഥകളിൽ ഏറെ പ്രസക്തം-ഡെന്നിസ് പോൾ  

ബെംഗളൂരു: കാലത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ സ്മൃതി കൊണ്ട് കോട്ട കെട്ടുന്ന വരേണ്യ വിഭാഗത്തെ വിമര്‍ശിച്ചു കൊണ്ടാണ് കുമാരനാശാന്‍ ദുരവസ്ഥ എന്ന കവിത ആരംഭിക്കുന്നതെന്നും, സാംസ്‌കാരിക സാമൂഹിക രംഗം ഇന്ന് അന്നത്തേക്കാള്‍ കൂടുതല്‍ ഇരുളടഞ്ഞതാവുകയാണെന്നും അത് കൊണ്ട് ദുരവസ്ഥയുടെ പുനര്‍വായന പ്രസക്തമാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ഡെന്നിസ് പോള്‍ പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാറില്‍’ ദുരവസ്ഥയുടെ പുനര്‍വായന’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്കൃഷ്ടമായൊരു ധര്‍മ്മാദര്‍ശത്താല്‍ പ്രേരിതനായിട്ടാണ് താന്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിരുന്നതെന്ന് ആശാന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ക്രൂരമായ ജാതി വിവേചനത്തിനെതിരെ തൂലിക ചലിപ്പിക്കാനാണ് ആശാന്‍ നിശ്ചയിച്ചത്. ഇത് അന്നത്തെ കാവ്യ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്ന് ആശാന് അറിയാമായിരുന്നു. അത് കൊണ്ടാണ് ‘ഇതിലെ പരാജയം പോലും വിജയമായി മാറുമെന്ന്’ ആശാന്‍ പ്രത്യാശ പ്രകടിപ്പിച്ചത്. നൂറു വര്‍ഷം കഴിഞ്ഞിട്ടും ദുരവസ്ഥ മലയാളി സമൂഹം ചര്‍ച്ച ചെയ്യുന്നത് ആശാന്റെ പ്രതീക്ഷ സഫലമായെന്ന് തെളിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു

കേരളീയ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ജാതീയതയുടെ ശേഷിപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നിടത്താണ് ദുരവസ്ഥയുടെ കാലികപ്രസക്തി. ഒരു കൃതിയുടെ മൂല്യം നിശ്ചയിക്കപ്പെടുന്നത്, അത് രചിക്കപ്പെട്ട കാലഘട്ടത്തെയും സംസ്‌കാരത്തെയുമൊക്കെ എത്രത്തോളം സജീവമായി പ്രതിഫലിപ്പിക്കുന്നു എന്നിടത്താണ്. അത് കാലത്തെ എത്രത്തോളം ഫലപ്രദമായി വെല്ലുവിളിക്കുന്നു എന്നതും പരമപ്രധാനമാണ്. അങ്ങനെ നോക്കിയാല്‍ പുതിയ കാലത്തെ ഏറ്റവും കാലികനും കാലാതീതനുമായ കവി ആശാന്‍ തന്നെയാണെന്ന് നിസ്സംശയം പറയാമെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് കവിയും പത്രപ്രവര്‍ത്തകനുമായ ബി എസ് ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

പി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ടി. എം.ശ്രീധരന്‍, ആര്‍. വി. പിള്ള, സി. ജേക്കബ്, സി. കുഞ്ഞപ്പന്‍, പി. കെ. കേശവന്‍ നായര്‍, പൊന്നമ്മ ദാസ്, ലക്ഷ്മി മധുസൂദനന്‍, തങ്കമ്മ സുകുമാരന്‍, ശ്രീകണ്ഠന്‍ നായര്‍, ഇ .ആര്‍. പ്രഹ്ലാദന്‍ എന്നിവര്‍ സംസാരിച്ചു.പി. പി. പ്രദീപ് നന്ദി പറഞ്ഞു.
<br>
TAGS : THIPPASANDRA FRIENDS ASSOCIATION | SEMINAR | ART AND CULTURE,
SUMMARY : Thippasandra friends association monthly seminar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *