തൊടുപുഴ നഗരസഭാ തിരഞ്ഞെടുപ്പ്: ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്

തൊടുപുഴ നഗരസഭാ തിരഞ്ഞെടുപ്പ്: ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്

തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. മുസ്ലീം ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണ് ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിന് തിരിച്ചടിയായത്. ഹാജരായ 32 പേരില്‍ സബീനയ്ക്ക് ലീഗിന്റെ അഞ്ച് കൗണ്‍സിലര്‍മാരുടേതടക്കം 14 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക്കിന് പത്തും. ആറു വോട്ട് നേടിയ ലീഗ് സ്ഥാനാര്‍ഥി എം എ കരീം ആദ്യ റൗണ്ടില്‍ പുറത്തായി.

10 എല്‍ ഡി എഫ് കൗണ്‍സിലര്‍മാരില്‍ മെര്‍ളി രാജു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ ദീപക്കിനെ പിന്തുണച്ചു. കൂടാതെ ദീപക്കിന് ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും കേരള കോണ്‍ഗ്രസ് ജെ യിലെ ജോസഫ് ജോണും മുന്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജും മുസ്ലിം ലീഗ് സ്വതന്ത്രന്‍ ജോര്‍ജ് ജോണും വോട്ട് ചെയ്തു. രണ്ടാം റൗണ്ടില്‍ പുറത്തായ എട്ട് അംഗങ്ങളുള്ള ബി ജെ പി അവസാന റൗണ്ടില്‍ വിട്ടുനിന്നു.

സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സനീഷ് ജോര്‍ജിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണ നല്‍കിയിരുന്നത്. കൈക്കൂലി കേസില്‍ വിജിലന്‍സ് രണ്ടാം പ്രതിയാക്കിയതോടെ എല്‍ഡിഎഫ് ചെയര്‍മാനുള്ള പിന്തുണ പിന്‍വലിക്കുയുംചെയ്തു. ശേഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കി. പിന്നാലെ സനീഷ് ജോര്‍ജ് രാജിവയ്ക്കുകയായിരുന്നു.

ഇടുക്കി സബ് കലക്ടര്‍ അരുണ്‍ എസ് നായര്‍ വരണാധികാരിയായിരുന്നു. കൗണ്‍സില്‍ നടക്കവേ നഗരസഭ കാര്യാലയത്തിനു മുന്നില്‍ കോണ്‍ഗ്രസ്സ്-ലീഗ് സംഘര്‍ഷമുണ്ടായി. വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു. കൂറുമാറിയ മെര്‍ളി രാജുവിനെ പോലീസ് കാവലില്‍ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും എല്‍ ഡി എഫ് പ്രതിഷേധം മൂലം നടന്നില്ല. സി പി എം കൗ ണ്‍സിലര്‍ ആര്‍ ഹരി രോഗബാധിതനായതിനാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. സി പി ഐയുടെ ജോസ് മഠത്തില്‍ വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല.

യു ഡി എഫിന് 13 ഉം എല്‍ ഡി എഫിന് 12ഉം ബി ജെ പിക്ക് എട്ടും കൗണ്‍സിലര്‍മാരാണുണ്ടായിരുന്നത്. ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. മുസ്ലിം ലീഗ്-ആറ്, കോണ്‍ഗ്രസ്-ആറ്, കേരള കോണ്‍ഗ്രസ് ജെ-ഒന്ന് എന്നിങ്ങനെയാണ് യു ഡി എഫ് കക്ഷിനില.
<br>
TAGS : THODUPUZHA | ELECTION
SUMMARY : Thodupuzha municipal elections: LDF retained its rule

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *