ഗൗരി ലങ്കേഷ് വധക്കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം

ഗൗരി ലങ്കേഷ് വധക്കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് പേർക്ക് ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. കലബുർഗി ബെഞ്ചിലെ ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയാണ് പ്രതികളായ അമിത് ദിഗ്വേക്കർ, കെ. ടി. നവീൻ കുമാർ, എച്ച് എൽ സുരേഷ് എന്നിവർക്ക് ജാമ്യം അനുവദിച്ചത്.

വിചാരണ വൈകുന്നതിൻ്റെ പേരിൽ 2023 ഡിസംബറിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച മറ്റൊരു പ്രതി മോഹൻ നായക്കിൻ്റെ കേസ് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പേരും ജാമ്യത്തിന് ഹർജി നൽകിയത്. കുറ്റപത്രത്തിൽ ആകെ 527 സാക്ഷികളുണ്ടെന്നും എന്നാൽ 90 പേരെ മാത്രമേ അന്ന് വിസ്തരിച്ചിരുന്നുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് നായക് ജാമ്യം തേടിയിരുന്നത്. വിചാരണ പൂർത്തിയാക്കാൻ വൈകിയതും നായക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2017 സെപ്റ്റംബർ 5ന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വെച്ചാണ് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേര്‍ വെടിവച്ചത്. രണ്ട് വെടിയുണ്ടകള്‍ അവരുടെ നെഞ്ചിലും മറ്റൊന്ന് പിന്‍വശത്തും കൊണ്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഒരു വര്‍ഷം കൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘം കേസിലെ 17 പ്രതികളെയും പിടികൂടി. എന്നാല്‍ കൊലപാതകം നടന്ന് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല.

TAGS: KARNATAKA | HIGHCOURT | BAIL
SUMMARY: Gauri Lankesh murder case: Karnataka High Court grants bail to 3 accused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *