കേക്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എസൻസ് കഴിച്ചു; മൈസൂരു സെൻട്രൽ ജയിലില്‍ മൂന്ന് തടവുകാർ മരിച്ചു

കേക്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എസൻസ് കഴിച്ചു; മൈസൂരു സെൻട്രൽ ജയിലില്‍ മൂന്ന് തടവുകാർ മരിച്ചു

മൈസൂരു: കേക്ക് നിർമിക്കാനെത്തിച്ച എസൻസ് അമിത അളവില്‍ ഉള്ളില്‍ ചെന്ന് മൈസൂരു സെൻട്രൽ ജയിലിലെ മൂന്ന് തടവുകാർ മരിച്ചു. ഗുണ്ടൽപ്പേട്ട് സ്വദേശി മദേഷ (36), കൊല്ലേഗൽ സ്വദേശി നാഗരാജ (32), സകലേശ്‌പുര സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്. മൂവരും മൈസൂരു കെ.ആർ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഡിസംബർ 26-നാണ് ഇവർ സെൻട്രൽ ജയിലിൽ കേക്ക് തയ്യാറാക്കാൻവെച്ചിരുന്ന എസൻസെടുത്ത് കഴിച്ചത്. പുതുവത്സര കേക്ക്  തയ്യാറാക്കുന്നതിനായി ജയിലിലെ ബേക്കറിവിഭാഗത്തിൽ എത്തിച്ച എസൻസ് ഇവര്‍ അധികൃതര്‍ അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു. തുടര്‍ന്നു വയറുവേദന അനുഭവപെട്ടതിനാല്‍ ഇവർക്ക് ആദ്യം ജയിൽ ആശുപത്രിയിൽ ചികിത്സനൽകി. എന്നാൽ, വേദനയും ചർദിയും കഠിനമായതിനെത്തുടർന്ന് മൂവരെയും കെ.ആർ. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എസൻസ് കഴിച്ച വിവരം ഇവർ ജയിൽ അധികൃതരോട് ആദ്യം പറഞ്ഞിരുന്നില്ല. ജനുവരി രണ്ടിന് ഇവരെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ ബന്ധുക്കളോടാണ് ഇവർ ഇക്കാര്യം  പറഞ്ഞത്. അതിനാൽ, കൃത്യമായ ചികിത്സനൽകാൻ വൈകിയതായി ജയിൽ സൂപ്രണ്ട് ബി.എസ്. രമേഷ് പറഞ്ഞു. മൂവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ജയിൽ സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.
<BR>
TAGS : MYSURU,
SUMMARY : Three prisoners die in Mysore Central Jail after consuming essence used to make cakes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *