അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു; വെല്ലുവിളിയായി വെള്ളത്തിനടിയിലെ ചെളിയും മണ്ണും മരവും

അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു; വെല്ലുവിളിയായി വെള്ളത്തിനടിയിലെ ചെളിയും മണ്ണും മരവും

ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ശനിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പുഴയിലെ മൺകൂനക്ക് അരികെ ഇറങ്ങിയാണ് ശനിയാഴ്ച പരിശോധന നടത്തിയത്. നാവിക സേനയും മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മാൽപെ സംഘവും ചേർന്നായിരുന്നു തിരച്ചിൽ. നാളെ രാവിലെ 9 മണിക്ക് ദൗത്യം പുനരാരംഭിക്കും. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച സ്പോട്ട് നാലിലായിരുന്നു ഇന്നത്തെ പരിശോധനകൾ നടന്നത്. അടിയൊഴുക്കിനേക്കാൾ നദി കലങ്ങിമറിഞ്ഞ് ഒഴുകുന്നതാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്.

ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താനായില്ല. വെള്ളത്തിനടിയിലെ പാറക്കല്ലുകളടക്കം തിരച്ചിലിനു വെല്ലുവിളിയായി. വെള്ളത്തിനടിയിലെ ചെളിയും മണ്ണും മരവും പ്രശ്നമാകുന്നുണ്ടെന്ന് കർവാർ എംഎൽഎ പറഞ്ഞു. മാല്‍പെ ഡൈവിങ് നടത്തിയ പ്രദേശത്ത് മുള കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഗംഗാവലി പുഴയിൽ സിഗ്നൽ കാണിച്ച മൂന്നിടങ്ങളിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. ചെളിയും കല്ലും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവുമായി തിരച്ചിലിന് ശേഷം കൂടിക്കാഴ്ച നടത്തും. അവർ പറയുന്നതിന് അനുസരിച്ച് ഭാവി രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്യുമെന്നും കലക്ടർ പറഞ്ഞു.

തിരച്ചിൽ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. തിരച്ചിലിനായി വിശദ പ്ലാൻ കർണാടക സർക്കാറിനുണ്ടെന്നും അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
<BR>
TAGS : ARJUN RESCUE | LANDSLIDE
SUMMARY : Today’s search for Arjun is over

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *