ദാന തീരം തൊട്ടു ; വിറങ്ങലിച്ച്‌ ഒഡിഷ, വിമാനത്താവളങ്ങള്‍ അടച്ചു, ട്രെയിനുകൾ റദ്ദാക്കി, 16 ജില്ലകൾക്ക് മിന്നൽ പ്രളയ മുന്നറിയിപ്പ്

ദാന തീരം തൊട്ടു ; വിറങ്ങലിച്ച്‌ ഒഡിഷ, വിമാനത്താവളങ്ങള്‍ അടച്ചു, ട്രെയിനുകൾ റദ്ദാക്കി, 16 ജില്ലകൾക്ക് മിന്നൽ പ്രളയ മുന്നറിയിപ്പ്

ന്യൂഡൽഹി: അതിതീവ്ര ചുഴലിയായി മാറിയ ദാന വെള്ളിയാഴ്ച അതിരാവിലെ ഒഡിഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിൽ തീരം തൊട്ടു. തീവ്ര ചുഴലിക്കാറ്റായാണ് ദാന കരതൊട്ടത്. ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. ഒന്നിലധികം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ 16 ജില്ലകൾക്ക് ഒഡിഷ ഭരണകൂടം മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയുട്ടുണ്ട്.

പശ്ചിമ ബംഗാൾ, ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. ഭദ്രക്ക് ഉൾപ്പടെയുള്ള മേഖലകളിൽ ശക്തമായ മഴയും തുടരുകയാണ്. ഇതുവരെ ആളപായമില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി.

ചുഴലി മണിക്കൂറിൽ 120 കിലോമീറ്റര്‍ വേഗത്തിൽ വീശിയടിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. ഒഡിഷയിലെ പാരദീപിന്‌ 180 കിലോമീറ്റര്‍ തെക്കുകിഴക്ക്‌ മാറിയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിൽനിന്ന് 270 കിലോമീറ്റര്‍ തെക്കുമാറിയുമാണ്‌ ചുഴലിക്കാറ്റ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌. രണ്ട്‌ സംസ്ഥാനങ്ങളിലെ അഞ്ച്‌ ലക്ഷത്തിലേറെ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക്‌ മാറ്റി. ഒഡിഷയുടെ പകുതിയോളം ഭാഗത്ത്‌ ചുഴലി നാശംവിതയ്‌ക്കുമെന്നാണ് റിപ്പോർട്ട്‌. ഒഡിഷ, ബംഗാൾ തീരങ്ങളിൽ കടൽ പ്രക്ഷുബ്‌ധമാണ്.

ഭുവനേശ്വർ, കൊൽക്കത്ത വിമാനത്താവളങ്ങൾ വെള്ളി രാവിലെ ഒമ്പതുവരെ അടച്ചു. ഇരുസംസ്ഥാനങ്ങളിലുമായി മുന്നൂറിലേറെ ട്രെയിനുകൾ റദ്ദാക്കി. ഒഡിഷയിൽ മയുര്‍ബഞ്ച്, കട്ടക്ക്, ജാജ്പുര്‍, ബാലസോര്‍, ഭദ്രക്, കേന്ദ്രപാഡ, ജ​ഗത്‍സിങ്പുര്‍ ജില്ലകളിൽ ചുവപ്പ് ജാ​ഗ്രതാനിര്‍ദേശമുണ്ട്. ബംഗാളിലെ നോർത്ത്‌ 24 പർഗാനാസ്‌,- സൗത്ത്‌ 24 പർഗനാസ്‌, ഈസ്റ്റ്‌ മേദിനിപുർ, -വെസ്റ്റ്‌ മേദിനിപുർ, ജാർഗ്രാം, കൊൽക്കത്ത, ഹൗറ, ഹൂഗ്‌ളി ജില്ലകളിലാണ്‌ അതിതീവ്ര മഴ പ്രതീക്ഷിക്കുന്നത്‌.

ചുഴലിക്കാറ്റ് സാഹചര്യത്തിൽ ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊൽക്കത്ത വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ വ്യാഴാഴ്ച വൈകുന്നേരം 6 മുതൽ വെള്ളിയാഴ്ച രാവിലെ 9 വരെയും ഭുവനേശ്വർ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ വെള്ളിയാഴ്ച രാവിലെ 9 വരെയും നിർത്തിവച്ചിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലൂടെയുള്ള 400ഓളം ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ഒഡിഷയിൽ ഏഴായിരത്തിലേറെ താത്കാലിക അഭയകേന്ദ്രങ്ങള്‍ തുറന്നു. 91 മെഡിക്കൽ സംഘത്തെ സജ്ജമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരി ജ​ഗന്നാഥ ക്ഷേത്രം സംരക്ഷിക്കാന്‍ മുൻകരുതലെടുത്തിട്ടുണ്ട്. കോണാര്‍ക് ക്ഷേത്രം രണ്ടു ദിവസത്തേക്ക് അടച്ചു. കരേസന, നാവികസേന, കോസ്റ്റ് ​ഗാര്‍ഡ്, എൻഡിആര്‍എഫ് സംഘങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
<BR>
TAGS : DANA CYCLONE | ODISHA
SUMMARY : Dana touched the coast of Odisha hit by storm,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *