യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

വാഷിങ്ടണ്‍: ജോ ബൈഡന്‍ പിന്‍മാറിയതിനു പിന്നാലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥിയാവുന്നതിന്റെ മുന്നോടിയായുള്ള ഔദ്യോഗിക രേഖകളില്‍ കമലാഹാരിസ് ഒപ്പുവച്ചു. ഓരോ വോട്ടും നേടാന്‍ കഠിനാധ്വാനം ചെയ്യുമെന്നും നവംബറിൽ തങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമലാ ഹാരിസ് എക്‌സില്‍ കുറിച്ചു.

ജോ ബൈഡന്റെ പിന്മാറ്റത്തോടെയാണ് യുഎസ് പ്രസിഡന്റ് മത്സരത്തിലേക്ക് കമല ഹാരിസ് എത്തുന്നത്. കമല ഹാരിസിന് തിരഞ്ഞെടുപ്പില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, സ്ഥാനാർഥിയായി ഔദ്യോഗിക നാമനിർദേശം നേടാനുള്ള പ്രതിനിധികളുടെ പിന്തുണ കമല നേടിയതായി റിപ്പോർട്ടുണ്ടായിരുന്നു. 2,579 പ്രതിനിധികളുടെ പിന്തുണ കമല ഉറപ്പാക്കി. 1,976 പ്രതിനിധികളുടെ പിന്തുണയാണ് സ്ഥാനാർഥിത്വം നേടാൻ വേണ്ടത്. പ്രൈമറികളിലൂടെ ബൈഡൻ 3896 പ്രതിനിധികളുടെ പിന്തുണ നേടിയിരുന്നു. ആകെ 4,763 പ്രതിനിധികളാണുള്ളത്.

 

നവംബര്‍ അഞ്ചിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായി ജോ ബൈഡനുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, പാര്‍ട്ടിയില്‍നിന്ന് ആവശ്യം ഉയര്‍ന്നതിനു പിന്നാലെ കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റ് ജോ ബൈഡന്‍ പിന്‍മാറുകയായിരുന്നു. പിന്നീട് അദ്ദേഹം തന്നെയാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേര് നിര്‍ദേശിച്ചത്. ഡെമോക്രാറ്റിക് സെനറ്റര്‍മാരില്‍ ഭൂരിപക്ഷവും കമലാഹാരിസിനെയാണ് പിന്തുണച്ചത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ട്രംപിന് എതിരാളിയായി കമല ഹാരിസ് എത്തിയതോടെ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ സര്‍വേയില്‍ ട്രംപിന്റെ ലീഡ് ആറ് പോയിന്റില്‍ നിന്നും രണ്ടായി കുറഞ്ഞെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
<BR>
TAGS : WORLD NEWS | KAMALA HARRIS
SUMMARY : US presidential election; Kamala Harris has officially announced her candidacy

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *