ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; ഡോ.വി.നാരായണന്‍ പുതിയ ചെയര്‍മാന്‍

ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; ഡോ.വി.നാരായണന്‍ പുതിയ ചെയര്‍മാന്‍

ബെംഗളൂരു: ഐഎസ്ആർഒ തലപ്പത്ത് മാറ്റം. കന്യാകുമാരി സ്വദേശി ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ ചെയർമാനാകും. ജനുവരി 14-ന് സ്ഥാനമേറ്റെടുക്കും. നിലവിൽ എൽപിഎസ്‍സി (ലിക്വി‍ഡ് പ്രൊപ്പൽഷൻ സിസ്റ്റംസ്) മേധാവിയാണ്.

നിലവിലെ ചെയർമാൻ എസ്. സോമനാഥിന്റെ കാലാവധി കഴിയുന്നതിനാലാണ് തലപ്പത്ത് മാറ്റം. രണ്ട് വർ‌ഷത്തേക്കാണ് നിയമനം. രാജ്യത്തെ സേവിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നാരായണൻ നന്ദി പറഞ്ഞു. വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് ഐഎസ്ആർഒ നിയുക്ത ചെയർമാൻ കൂട്ടിച്ചേർത്തു.

നാല് പതിറ്റാണ്ടോളം നീണ്ട കരിയറിൽ ഐഎസ്ആർഒയുടെ വിവിധ വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ദൗത്യങ്ങൾക്കായി ഡോ. വി. നാരായണന്റെ നേതൃത്വത്തിൽ ഇതുവരെ 183 എൽപിഎസ്‍സി പവർ പ്ലാൻ്റുകളാണ് നിർമിച്ചത്.

രാജ്യത്തിന്റെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ സി25 ക്രയോജനിക് പ്രൊജക്ട് നിർമിക്കുന്നതിനും ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. ആദിത്യ എൽ1, ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 തുടങ്ങിയ തന്ത്രപ്രധാനമായ ദൗത്യങ്ങൾക്ക് പ്രൊപ്പൽഷൻ സിസ്റ്റം തയ്യാറാക്കിയതിന് പിന്നിലും ഡോ. നാരായണന്റെ നേതൃത്വമുണ്ടായിരുന്നു. 1984-ലാണ് അദ്ദേഹം ഐഎസ്ആർഒയുടെ ഭാഗമാകുന്നത്. 2018-ലാണ് എൽപിഎസ്‍സിയുടെ ചെയർമാനാകുന്നത്.

TAGS: NATIONAL | ISRO
SUMMARY: Dr. V Narayanan appointed as ISRO chairman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *