ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരായ അവിശ്വാസപ്രമേയം തള്ളി

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരായ അവിശ്വാസപ്രമേയം തള്ളി

ന്യൂഡൽഹി: രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം സര്‍ക്കാര്‍ തള്ളി. അവിശ്വാസ പ്രമേയത്തിന് 14 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ലെന്നും ധൻകറിന്റെ പേര് ശരിയായി എഴുതിയില്ലെന്നും കാണിച്ചാണ് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് അവിശ്വാസ പ്രമേയം തള്ളിയത്.

ജഗ്ദീപ് ധൻകർ പക്ഷപാതപരമായാണ് സഭാ നടപടികള്‍ നടത്തുന്നതെന്ന് ആരോപിച്ചാണ് ഇന്ത്യാസഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ഇന്ത്യയുടെ ഒരു ഉപരാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടി ആരംഭിക്കാന്‍ രാജ്യസഭയില്‍ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. പ്രമേയത്തിന് അവതരണാനുമതി തേടി ചൊവ്വാഴ്ച പ്രതിപക്ഷം രാജ്യസഭയില്‍ നോട്ടീസ് നല്‍കി.

അതേസമയം പ്രതിപക്ഷത്തിന്റെ അംഗബലം ഉപയോഗിച്ച്‌ ജഗ്ദീപ് ധന്‍കറെ നീക്കുക അസാധ്യമാണെങ്കിലും രാജ്യസഭാ ചെയര്‍മാന്റെ ഏകപക്ഷീയമായ പെരുമാറ്റം തുറന്നുകാണിക്കുകയാണ് ഇതിലൂടെ ഇന്ത്യ സഖ്യം ലക്ഷ്യമിട്ടത്. ഉപരാഷ്ട്രപതിയെ നീക്കുന്ന പ്രമേയത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നിരിക്കേ ഈമാസം 20ന് അവസാനിക്കുന്ന ശീതകാല സമ്മേളനത്തില്‍ അവിശ്വാസപ്രമേയം വരില്ലെന്ന് നേരത്തേ ഉറപ്പായിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ക്കിടെ ‘ഇന്ത്യസഖ്യ’ത്തിന്റെ ഐക്യം ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കംകൂടിയാണ് നോട്ടീസിലൂടെ ലക്ഷ്യമിട്ടത്. അറുപതോളം രാജ്യസഭാംഗങ്ങള്‍ ഒപ്പുവെച്ച നോട്ടീസാണ് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും നാസീര്‍ ഹുസൈനും രാജ്യസഭാ സെക്രട്ടറിജനറല്‍ പി.സി. മോദിക്ക് നല്‍കിയത്.

കോണ്‍ഗ്രസിനു പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി., ഡി.എം.കെ., ആര്‍.ജെ.ഡി., സി.പി.എം., ജെ.എം.എം., സി.പി.ഐ. അംഗങ്ങളാണ് ഒപ്പുവെച്ചത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും പ്രതിപക്ഷ പാര്‍ട്ടികളുടെ സഭയിലെ കക്ഷിനേതാക്കളും ഒഴികെയുള്ളവരാണ് ഒപ്പിട്ടത്.

TAGS : LATEST NEWS
SUMMARY : The no-confidence motion against Vice President Jagdeep Dhankar was rejected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *