വിജയരാഘവന്റെ വിവാദ പ്രസ്താവന; വിമർശനം മുസ്ലീങ്ങൾക്കെതിരല്ലെന്ന് എംവി ഗോവിന്ദൻ

വിജയരാഘവന്റെ വിവാദ പ്രസ്താവന; വിമർശനം മുസ്ലീങ്ങൾക്കെതിരല്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശത്തെ  അനുകൂലിച്ച് സിപിഎം നേതാക്കൾ. എംവി ​ഗോവിന്ദൻ, ടിപി രാമകൃഷ്ണൻ പികെ ശ്രീമതി എന്നിവരാണ് വിജയരാഘവനെ പിന്തുണ അറിയിച്ച് കൊണ്ട് രം​ഗത്തെത്തിയത്.

ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തിൽ പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പികെ ശ്രീമതി പ്രതികരിച്ചു. വിജയരാഘവൻ വിമർശിച്ചത് വർഗീയ സംഘടനകളുമായി ചേർന്നുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തെയാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

‘ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു. അതിൽ ഒരു വിട്ടുവീഴ്ച ഉണ്ടാകില്ല. മുസ്ലീം സമുദായത്തിൽ ഭൂരിപക്ഷവും മതേതരവാദികളാണ്. ജമാഅത്തെ ഇസ്ലാമിയാണ് മുസ്ലീം വർഗീയ വാദത്തിന്റെ പ്രധാനികൾ. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ്. വളരെ കൃത്യമായ കാര്യമാണ് വിജയരാഘവൻ പറഞ്ഞത്. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഖ്യകക്ഷി എന്ന രീതിയിൽ തന്നെയാണ് വോട്ട് ലഭിച്ചത്’- എംവി ഗോവിന്ദൻ പറഞ്ഞു.

വർഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേർക്കാൻ ലീഗ് ശ്രമിക്കുകയാണെന്നും എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിൽ ഉറപ്പിച്ചു നിർത്താൻ ലീഗ് ശ്രമിക്കുകയാണെന്ന് ടിപി രാമകൃഷ്ണനും പറഞ്ഞു.

അധികാരം കിട്ടാൻ ഏത് വർഗീയതയുമായും സന്ധി ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം തെളിയിച്ചെന്നാണ് എ. വിജയരാഘവൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള വഴിയായാണ് കോൺഗ്രസ് വർഗീയതയെ കാണുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയാഘോഷം തുടങ്ങിയത് എസ്ഡിപിഐയുടെ വിജയാഘോഷത്തോടെയാണന്നും തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിർക്കുകതന്നെ ചെയ്യുമെന്നും വിജയരാഘവൻ വ്യക്തമാക്കിയിരുന്നു.
<BR>
TAGS : CPIM
SUMMARY: Vijayaraghavan’s controversial statement; MV Govindan says criticism is not against Muslims

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *