വിഴിഞ്ഞം തുറമുഖം: ട്രയല്‍ റണ്‍ ജൂലൈ 12ന്

വിഴിഞ്ഞം തുറമുഖം: ട്രയല്‍ റണ്‍ ജൂലൈ 12ന്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലൈ 12ന് നടത്തും. അന്നേ ദിവസം തുറമുഖത്ത് എത്തുന്ന കണ്ടെയിനർ കപ്പലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കസ്റ്റംസിന്റെ അനുമതി വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് എന്ന വിഴിഞ്ഞം തുറമുഖത്തിനു ലഭിച്ചിരുന്നു.

കസ്റ്റംസ് ആക്ടിലെ സെക്‌ഷന്‍ 7എ അംഗീകാരമാണു കിട്ടിയത്. ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതി വിഴിഞ്ഞത്തിന് കഴിഞ്ഞ ഏപ്രിലില്‍ ലഭിച്ചിരുന്നു. റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെയും ആഭ്യന്തര തുറമുഖങ്ങളില്‍നിന്നു ചെറുകപ്പലുകളിലും എത്തുന്ന ചരക്കുകള്‍ വലിയ ചരക്കുകപ്പലിലേക്ക് (മദര്‍ വെസല്‍) മാറ്റി വിദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചും അയയ്ക്കുന്നവയാണു ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖങ്ങള്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതു – സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തെ ഏത് വലിയ കപ്പലിനും വിഴിഞ്ഞം തുറമുഖത്ത് അടുക്കാം. രാജ്യാന്തര കപ്പല്‍പാതയ്ക്കു തൊട്ടടുത്താണെന്നതു വിഴിഞ്ഞത്തിന്‍റെ ആകര്‍ഷണമാകും. മാത്രമല്ല, 24 മീറ്റര്‍ സ്വാഭാവിക ആഴമുണ്ടെന്നതും 800 മീറ്റര്‍ ബെര്‍ത്താണ് സജ്ജമാകുന്നതെന്നതും പ്രത്യേകതയാണ്.

കണ്ടെയ്നറുകളുടെ നീക്കത്തിനായി 32 ക്രെയിനുകള്‍ വിഴിഞ്ഞം തുറമുഖത്തുണ്ടാകും. ഇതില്‍ 31 എണ്ണവും എത്തിക്കഴിഞ്ഞു. നിലവില്‍ ഇന്ത്യയുടെ കടല്‍വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്‍റെ മുഖ്യപങ്കും നടക്കുന്നത് കൊളംബോ, സിംഗപ്പൂര്‍, യുഎഇയിലെ ജബല്‍ അലി തുറമുഖങ്ങളിലൂടെയാണ്.

രാജ്യാന്തര കപ്പല്‍പാതയില്‍നിന്നുള്ള അകലം, സ്വാഭാവിക ആഴക്കുറവ്, ചെറിയ ബെര്‍ത്തുകള്‍ എന്നിവയാണ് മദര്‍ ഷിപ്പുകളെ ഇന്ത്യയില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. വിഴിഞ്ഞം സജ്ജമാകുന്നതോടെ ഈ പോരായ്മ മറികടക്കാം. മാത്രമല്ല, ഇന്ത്യയുടെ കടല്‍വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്‍റെ കവാടമായും വിഴിഞ്ഞം മാറും.

TAGS : VIZHINJAM PORT | KOCHI
SUMMARY : Vizhinjam Port: Trial run on 12th July

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *