വിപ്ലവ സൂര്യന്‍ വിഎസിന് 101-ാം പിറന്നാള്‍

വിപ്ലവ സൂര്യന്‍ വിഎസിന് 101-ാം പിറന്നാള്‍

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് ഇന്ന് 101-ാം പിറന്നാള്‍. 5 വർഷത്തോളമായി പൊതുപരിപാടികളില്‍ നിന്നെല്ലാം വിട്ടു നിന്ന് തിരുവനന്തപുരത്തെ ബാർട്ടൻ ഹില്ലിലുള്ള മകന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം. ദീർഘകാലം പാർട്ടിക്കും ബഹുജനങ്ങള്‍ക്കും വേണ്ടി പോരാട്ടം നടത്തിയ ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ് വി എസ്.

ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കപ്പെടുന്നത്. ഏതാണ്ട് നൂറ് വർഷത്തിലേറെ കാലത്തെ ചരിത്രമുണ്ട് രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടിക്ക്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടിൻ്റെ ചരിത്രമെടുത്താല്‍ കിരാത മർദ്ദനങ്ങളെയും ജയില്‍വാസങ്ങളെയും എല്ലാം അതിജീവിച്ച്‌ സമരപോരാട്ടങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പടുത്തുയർത്തി ദേശീയ തലത്തില്‍ തന്നെ ചിരപ്രതിഷ്ഠ നേടിയ കമ്മ്യൂണിസ്റ്റ് നേതാക്കളുണ്ട്. പി സുന്ദരയ്യ, ബസുവപുന്നയ്യ, എകെജി, ഇഎംഎസ് തുടങ്ങിയ ആ കമ്മ്യൂണിസ്റ്റ് നേതൃനിരയുടെ ഭാഗമാണ് വിഎസ് അച്യുതാനന്ദനും.

പുന്നപ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്‌ തയ്യല്‍തൊഴിലാളിയായും കയർഫാക്ടറി തൊഴിലാളിയായും പ്രവർത്തിച്ച്‌ അടിസ്ഥാന വിഭാഗത്തില്‍ നിന്നും ഉയർന്നുവന്ന നേതാവാണ് വിഎസ്. 1940കളില്‍ തന്നെ കൈനകിരിയിലെ ഒരു വയല്‍വരമ്പത്ത് കർഷക തൊഴിലാളികളുടെ യോഗം വിളിച്ച്‌ കൂട്ടി കർഷക തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച നേതാവായിരുന്നു വിഎസ്.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എല്‍ഡിഎഫ് കണ്‍വിനർ അങ്ങനെ ഇടത് രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളില്‍ വിഎസ് തിളങ്ങി നിന്നു. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ടീയത്തില്‍ പ്രവേശിച്ച വിഎസ് 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേർന്നു. 1940 ല്‍ ആണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയില്‍ അംഗമാകുന്നത്.

1946ല്‍ പുന്നപ്ര വയലാർ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി. 1964 ല്‍ സിപിഐ ദേശീയ കൌണ്‍സില്‍ വിട്ട് സിപിഎം രൂപീകരിച്ച 32 നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ് അദ്ദേഹം. 1967 ലെ തിരഞ്ഞെടുപ്പില്‍ അമ്ബലപ്പുഴയില്‍ നിന്ന് ജയിച്ചാണ് വിഎസ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 1980 മുതല്‍ തുടർച്ചയായി മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയും വിഎസ് വഹിച്ചു.

1985ല്‍ പോളിറ്റ് ബ്യൂറോ അംഗമായി. 2006ല്‍ കേരളത്തിന്റഎ 20-ാമത്തെ മുഖ്യന്ത്രിയായി. 2001 ലും 2011 ലും പ്രതിപക്ഷനേതാവിന്റെ സ്ഥാനവും അദ്ദേഹം വഹിച്ചു. 2019 മുതല്‍ വിശ്രമ ജീവിതം നയിക്കുകയാണ് വിഎസ്. 4 വർഷം മുൻപ് ഉണ്ടായ പക്ഷാഘാതത്തെത്തുടർന്നാണ് വിഎസ് വിശ്രമ ജീവിതത്തിലേക്ക് ഒതുങ്ങിയത്. എന്നാല്‍ ചുറ്റും നടക്കുന്നതെല്ലാം അറിയുന്നുണ്ടെന്ന് മകൻ അരുണ്‍കുമാർ പറഞ്ഞു.

രാവിലെ ഒരുമണിക്കൂറോളം പത്രം വായിച്ചു കേള്‍പ്പിക്കും. വൈകിട്ട് ടിവിയില്‍ വാർത്തയും കേള്‍ക്കും. ഡോക്ടറുടെ നിർദ്ദേശമുള്ളതിനാല്‍ സന്ദർശക വിലക്കുണ്ട്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാവുകയെന്ന് മകൻ അരുണ്‍ കുമാർ അറിയിച്ചു.

TAGS : VS ACHUTHANANDAN | BIRTHDAY
SUMMARY : VS Achuthanandan’s 101st birthday today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *