മുണ്ടക്കൈ ദുരന്തം; കാണാതായ 32 പേരെ മരിച്ചവരായി അംഗീകരിച്ചു

മുണ്ടക്കൈ ദുരന്തം; കാണാതായ 32 പേരെ മരിച്ചവരായി അംഗീകരിച്ചു

വയനാട്: മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായ 32 പേരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മരിച്ചവരായി അംഗീകരിച്ചു. ഈ പട്ടിക ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ -ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും.

ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്. ഇതില്‍ ആദ്യ ദിവസം തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡി.എൻ.എ സാമ്പിളുകള്‍ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹ ഭാഗങ്ങളില്‍ നിന്നും ഡി.എൻ.എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

കണ്ണൂർ റീജിയണല്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തില്‍ ഡി.എൻ.എ സാമ്പിളുകളുടെ പരിശോധന നടത്തിയത്. 223 മൃതദേഹ ഭാഗങ്ങള്‍ അവിടെ നടത്തിയ പരിശോധനയില്‍ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.

കണ്ണൂർ ഫോറെൻസിക് സയൻസ് ലാബില്‍ തിരിച്ചറിയാൻ കഴിയാതിരുന്ന 209 മൃതദേഹ ഭാഗങ്ങള്‍ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലേക്കു പരിശോധനക്കയച്ചു. അവിടെ നടത്തിയ പരിശോധനയില്‍ ദുരന്തത്തില്‍ കാണാതായ 22 പേരെ കൂടി തിരിച്ചറിഞ്ഞു. 99 പേരെ ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.

ദുരന്തത്തില്‍ മരണപ്പെട്ട 167 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ ഉള്‍പ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡി.ഡി.എം എ അംഗീകരിച്ചത്. ദുരന്തത്തില്‍ 298 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരി മല വില്ലേജ് ഓഫീസർ, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ചേർന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.

TAGS : WAYANAD LANDSLIDE
SUMMARY : Mundakai Tragedy; 32 missing people have been declared dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *