വയനാട് ദുരന്തം; ‌ഡിഎൻഎ പരിശോധനയില്‍ നാലു പേരെ കൂടി തിരിച്ചറിഞ്ഞു

വയനാട് ദുരന്തം; ‌ഡിഎൻഎ പരിശോധനയില്‍ നാലു പേരെ കൂടി തിരിച്ചറിഞ്ഞു

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച നാലു പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്‍റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്ത് വന്നത്. മൃതദേഹങ്ങള്‍ ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടെതും മൃതദേഹ ഭാഗം മുണ്ടക്കൈ സ്വദേശി സുബൈറിന്റേതും ആണെന്നാണ് തിരിച്ചറിഞ്ഞത്.

നേരത്തെ ഈ മൃതദേഹങ്ങളും മൃതദേഹഭാഗവും കാണാതായ മറ്റ് നാല് പേരുടെ ആണെന്നാണ് കരുതിയിരുന്നത്. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ കൈമാറണമെന്ന് കളക്ടർ ഉത്തരവിട്ടു. നിലവിലെ സംസ്കാര സ്ഥലം തുടരണമെന്ന് താല്പര്യമുള്ളവർക്ക് അടയാളപ്പെടുത്തിയ പേരുകളില്‍ മാറ്റം വരുത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 40 ലേറെ പേര്‍ ഇനിയും കാണാമറയത്താണ്. ദുരന്തത്തില്‍ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ തിരച്ചില്‍ എവിടെയും നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം മുൻപ് കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു.

ഇത് അനുസരിച്ച്‌ തിരച്ചില്‍ നടത്തിയപ്പോള്‍ അഞ്ച് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മറ്റൊരു ദിവസവും തിരച്ചില്‍ നടന്നെങ്കിലും അത് തുടരാൻ അധികൃതർ തയ്യാറായില്ല. ദുരന്തത്തില്‍ കാണാതായവർക്കുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍ രംഗത്തെത്തിയിരുന്നു.

TAGS : WAYANAD LANDSLIDE
SUMMARY : Wayanad landslide; DNA tests identified three more people

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *