വയനാട്ടിലുണ്ടായത് ഭൂചലനമല്ല, പ്രകമ്പനം; സ്ഥിരീകരിച്ച് നാഷണല്‍ സീസ്‌മോളജി സെന്റര്‍

വയനാട്ടിലുണ്ടായത് ഭൂചലനമല്ല, പ്രകമ്പനം; സ്ഥിരീകരിച്ച് നാഷണല്‍ സീസ്‌മോളജി സെന്റര്‍

കൽപ്പറ്റ: വയനാട് ജില്ലയിലുണ്ടായ ഭൗമ പ്രതിഭാസം ഭൂചലനമല്ലെന്ന് വിദഗ്ദ്ധർ. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. നാഷണൽ സീസ്‌മോളജിക്കൽ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഉണ്ടായത് പ്രകമ്പനമാണെന്നും ഇതിന്റെ കാരണം അന്വേഷിക്കുകയാണെന്നും വിദഗ്ദ്ധർ പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രകമ്പനം ഉണ്ടായതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച് വരികയാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിശദീകരിച്ചു. പ്രദേശത്ത് നിലവില്‍ ഭൂകമ്പ സൂചനകള്‍ ഒന്നും തന്നെ ഇല്ലെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

കോഴിക്കോട് ജില്ലയിലും പ്രകമ്പനമുണ്ടായി. കൂടരഞ്ഞിയിലും മുക്കത്തുമാണ് പ്രകമ്പനമുണ്ടായത്. ഒരു മിനിട്ടിനിടെ രണ്ട് തവണയാണ് മുഴക്കമുണ്ടായത്. വയനാട്ടിലെ വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലാണ് ആദ്യം പ്രകമ്പനം അനുഭവപ്പെട്ടത്.

കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടയ്‌ക്കൽ ഗുഹ എന്നിവിടങ്ങളോടു ചേർന്ന പ്രദേശങ്ങളിൽ ചെറിയതോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ അറിയിച്ചു. തുടർന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ റവന്യു വകുപ്പ് നിർദേശം നൽകി. വില്ലേജ് ഓഫിസർമാരോട് സംഭവസ്ഥലത്തെത്താൻ വൈത്തിരി തഹസിൽദാർ അറിയിച്ചിട്ടുണ്ട്. അമ്പലവയൽ ജിഎൽപി സ്‌കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്‌കൂൾ. സമീപത്തെ അങ്കനവാടിയിലും അവധി നൽകി.ചെറിയതോതിൽ ഭൂമികുലുക്കമുണ്ടായതായാണ് നാട്ടുകാർ പറയുന്നത്. മൂരിക്കാപ്പിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മേശപ്പുറത്തെ ഗ്ലാസുകൾ താഴെ വീണു. അമ്പലവയൽ ആർഎആർഎസിലെ ശാസ്ത്രജ്ഞരും തൊഴിലാളികളും പ്രദേശത്ത് വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
<br>
TAGS : WAYANAD | EARTHQUAKE
SUMMARY : What happened in Wayanad was not an earthquake, but a tremor; Confirmed by National Seismology Center

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *